Search

മൃതിയില്‍ നിന്നു സ്മൃതിയിലേക്ക് ഒരു നഷ്ടസാമ്രാജ്യം


രമ്യ എസ് ആനന്ദ്

കല്ലുകളുടെ അഭൗമ സൗന്ദര്യമാണോ ഹംപി? ഏതോ കാലത്ത് വണിക്കുകളും വൈശ്യന്‍മാരും പാടിപ്പുകഴ്ത്തിയ തുംഗഭദ്രാനദിക്കരയിലെ രത്‌നങ്ങളുടെ, കൊത്തുപണികളുടെ, കല്‍പ്പടവുകളുടെ സാമ്രാജ്യം. കര്‍ണാടകയും ആന്ധ്രയും തൊട്ടുകിടക്കുന്ന ബെല്ലാരി ജില്ലയില്‍ മലനിരകളാലും തുംഗഭദ്രാ നദിയാലും ചുറ്റപ്പെട്ടു കിടക്കുന്ന ശിലാംലംകൃതമായ ഹംപി. അനേകമനേകം ക്ഷേത്രങ്ങള്‍... ശില്‍പ്പങ്ങള്‍... കല്‍മണ്ഡപങ്ങള്‍... ഒരു മഹാജനപഥത്തിന്റെ ശേഷിപ്പുകള്‍.

മുഹമ്മദ് ബിന്‍ തുഗ്‌ളക് തന്റെ പഴയ സൈന്യാധിപനായ സംഗമനു കൊടുത്ത സാമ്രാജ്യം. സംഗമവൃക്ഷത്തിലെ ശാഖകളായ ഹരിഹരനും ബുക്കനും സ്ഥാപിച്ച വിജയനഗരസാമ്രാജ്യം.

ഹംപി എന്ന ഇന്ത്യന്‍ നഗരം ലോകത്തെ ഏതു വന്‍നഗരത്തോടും കിടപിടിക്കത്തക്ക ഒരു മഹാജനപഥമായിരുന്നുവെന്നും പേര്‍ഷ്യന്‍ അംബാസഡര്‍ അബ്ദുള്‍ റസാഖ് എഴുതിയിരിക്കുന്നു. രത്‌നങ്ങളും സ്വര്‍ണ നാണയങ്ങളും പറയ്ക്ക് അളന്നു വിറ്റിരുന്ന, കുതിരകളും ആനപ്പന്തികളും നിറഞ്ഞ നഗരാസൂത്രണത്തിന്റെ ഒരു മികച്ച മാതൃകയായി ഹംപിയെ വിശേഷിപ്പിച്ചിരിക്കുന്നു.

വാറംഗലിലെ കാകതീയ രാജ വംശത്തിന്റെ സാമന്തന്‍മാരായിരുന്നു ഹരിഹരനും ബുക്കനും. ഒരു വശത്ത് ഫലഭൂയിഷ്ഠമായ തുംഗഭഗദ്രാ നദീതടത്താലും മറുവശത്ത് മാതംഗ, മാല്യവന്ദ, ഋഷിമൂകാചലങ്ങളാലും ചുറ്റപ്പെട്ടതിനാലാവാം ഹംപി ഒരു സുരക്ഷിത താവളമായി അവര്‍ തിരഞ്ഞെടുത്തത്.

അതിനുശേഷം പരമ്പരകള്‍ മാറിമറിഞ്ഞു. കൃഷ്ണദേവരായരുടെ കാലത്ത് ഹംപി സംസ്‌കാരത്തിന്റെയും സമ്പത്തിന്റെയും ഉന്നതിയില്‍ എത്തി. അതിവിദഗ്ദ്ധമായി ഒരുക്കിയ കനാല്‍ പിരിവുകളിലൂടെ തുംഗഭദ്രയിലെ ജലം നഗരത്തിലെ എല്ലാ കോണിലേക്കും ഒഴുകിയെത്തി. (ഫിനിഷിംഗ് സ്‌കൂളുകളില്‍ വീണ്ടും പഠിക്കേണ്ടിവരുന്ന ഇന്ത്യയിലെ അനേകായിരം എന്‍ജിനീയര്‍മാര്‍ക്ക് ഹംപിയുടെ ആസൂത്രിത നഗരവത്കരണം ഒരു പാഠപുസ്തകം തന്നെയായിരിക്കും.)

മാറിവന്ന രാജപരമ്പരകള്‍ക്കൊടുവില്‍ അച്യുതരായരുടെ കാലത്ത് ഹംപി നാശോന്മുഖമാകാന്‍ തുടങ്ങി. എഡി 1565ല്‍ ഹംപിയില്‍ നിന്ന് 1001 കിലോമീറ്റര്‍ അകലെയുള്ള തളിക്കോട്ടയില്‍വച്ച് ഡെക്കാന്‍ സുല്‍ത്താന്മാര്‍ വിജയനഗര സാമ്രാജ്യത്തെ തകര്‍ത്തെറിഞ്ഞു. കല്‍മണ്ഡപങ്ങളില്‍ സ്വാഗതമോതി നിന്ന സാലഭഞ്ജികകളെ തച്ചുടച്ചു... എത്രയോ കാലം ശ്രമിച്ചിട്ടും തകരാന്‍ മടിച്ചുനിന്ന സുന്ദരമായ ആ ശിലാകാവ്യത്തെ പാറതുരന്നു മരുന്നു വച്ചു തകര്‍ത്തു. മഹത്തായ ഒരു സംസ്‌കൃതി മൃത നഗരമായി.

A walk through the adorable lost empire


230 വര്‍ഷങ്ങള്‍ തെക്കേ ഇന്ത്യയില്‍ അശ്വമേധം നടത്തിയ ഒരു ബ്രഹത് സാമ്രാജ്യത്തിന്റെ അതിദയനീയമായ പരാജയം... ചരിത്രം ചില നേരങ്ങളില്‍ തികച്ചും വിഷാദഭരിതം.

കൊച്ചിയില്‍ നിന്ന് വയനാട്, മുത്തങ്ങ, മൈസൂര്‍ വഴി ഹംപിയിലേക്കുള്ള യാത്രയില്‍ രാത്രി കനക്കാന്‍ തുടങ്ങിയിരിക്കുന്നു. സഹയാത്രികരായി ബീജാപൂരിലേക്കു പോകുന്ന എണ്ണമറ്റ ഖനി ലോറികള്‍. അവയുടെ താഡനമേറ്റു തളര്‍ന്നുപോയ റോഡുകള്‍. ഗോള്‍ഡന്‍ ക്വാഡിലാറ്ററല്‍ പുറകിലെവിടൊയോ വിസ്മൃതമായി.

രാത്രിയില്‍ അറിയാ വഴികളിലൂടെയുള്ള പ്രയാണം രസകരം. ഹെഡ് ലൈറ്റില്‍ ഞെട്ടി നില്‍ക്കുന്ന അസംഖ്യം പച്ചക്കണ്ണുകള്‍. പേരറിയാ പൂക്കളുടെ ഗന്ധം. അനന്തമായ വഴിയിലൂടെ യാത്രചെയ്യുന്ന നിങ്ങള്‍ തികച്ചും മറ്റൊരു ലോകത്താണ്.
പ്രപഞ്ചവും ആത്മാവും മാത്രം....
ആകാശത്തിന്റെ വിശാലത...
ചലിക്കുന്ന വായുവിന്റെ നിതാന്തസൗന്ദര്യം...
കോടാനുകോടി നക്ഷത്രങ്ങള്‍...
ഇരുണ്ട വനസ്ഥലികള്‍...

ഒടുവില്‍ ലക്ഷ്യം മറവിലേക്ക് ആഴുന്നു. യാത്ര തന്നെ ലക്ഷ്യമാവുന്നു...

മുന്നില്‍ അനേകം ഹോട്ടലുകള്‍. മയൂരവിജയനഗരയിലെ പ്രഭാതം ശാന്തം, സുന്ദരം. വിദേശികള്‍ റോഡുകള്‍ എല്ലാം കൈയടക്കിയിരിക്കുന്നു. ലോണ്‍ലി പ്‌ളാനറ്റില്‍ വായിച്ചതോര്‍ത്ത് ആദ്യം തിരഞ്ഞത് ഹംപിയിലെ മികച്ച ഭക്ഷണശാലയാണ്. മാംഗോ ട്രീ റെസ്‌റ്റോറന്റ് തുംഗഭദ്രാ നദിയിലേക്ക് തുറന്ന തണുത്ത കാറ്റ് എപ്പോഴും വന്നു തൊടുന്ന ഒരു മനോഹര സ്ഥലം. നിറയെ പുറം രാജ്യക്കാര്‍. എല്ലാവര്‍ക്കും കണ്ണില്‍ പൊതുവായ വികാരം വിശപ്പ്.

മെനുകാര്‍ഡില്‍ നിറയെ അപൂര്‍വ സസ്യാഹാര വിശേഷങ്ങള്‍. ആശ്വാസത്തിനായി വെണ്ണയില്‍ മൊരിച്ച ഒരു ചൂടന്‍ ഓംലറ്റ്. മാംഗോട്രീയുടെ ചുമരില്‍ ഇരു കരകളെയും വിഴുങ്ങി പായുന്ന തുംഗഭഗദ്രയുടെ ഒരു തകര്‍പ്പന്‍ മഴക്കാല സ്‌നാപ്പ്. മാഗോട്രീ ഹംപിയുടെ കള്‍ച്ചറല്‍ ഹബ് കൂടിയാണ്. അതീവരുചികരമായ ഭക്ഷണം. അതിനു ശേഷം 26 കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഹംപിയിലേക്ക്.

ഹംപി തുടങ്ങുന്നത് വിരൂപാക്ഷ ക്ഷേത്രത്തില്‍ നിന്നാണ്. സതീദേവി നഷ്‌പ്പെട്ട ദുഃഖത്തില്‍ ഹേമകൂട താഴ്‌വരയില്‍ കഠിനതപസ്‌സനുഷ്ഠിച്ച പരമശിവന്‍ ശല്യപ്പെടുത്താന്‍ എത്തിയ കാമദേവനെ ഭസ്മീകരിച്ചത് ഇവിടെ വച്ചാണത്രേ. വിജയനഗരത്തിന്റെ ചരിത്രത്തെക്കാള്‍ പഴക്കമുള്ള ക്ഷേത്രം.

പാറക്കൂട്ടങ്ങള്‍ താണ്ടി മുകള്‍ത്തട്ടില്‍ എത്തുമ്പോള്‍ ദൃശ്യം അതി മനോഹരം. കണ്ണിന്റെ അതിരുകളിലെല്ലാം ആകാശത്തിന്റെ താഴ്‌വരയോളം ഉരുളന്‍ പാറകളാല്‍ പ്രകൃതിയുടെ അത്യപൂര്‍വ ഇന്‍സ്റ്റലേഷന്‍. പാറക്കെട്ടുകളിലെല്ലാം പൗരാണിക ശിലാലിഖിതങ്ങള്‍...

ഇന്ത്യയിലെ ഏതു ചരിത്ര സ്മാരകത്തിലേക്കു നോക്കിയാലും കാണുന്ന രണ്ടു കോമണ്‍ റോക് ഡെപിക്ഷന്‍ ഇവിടെയുമുണ്ട്. കാമനകളുടെ ഐ ലൗവ് യൂ... ഭഗ്‌നപ്രണയത്തിന്റെ ഐ മിസ് യൂ...

കല്ലുകള്‍ പല നീളത്തില്‍ അവയുടെ സ്വാഭാവികത നഷ്ടപ്പൊടാതെ, വിടവുകളില്ലാതെ ക്രമീകരിച്ചിരിക്കുന്ന കല്‍ കുടീരങ്ങള്‍. എഞ്ചിനീയറിംഗ് മാര്‍വെല്‍!

ഹേമകൂടതാഴ്‌വരയിലെ ഗണേശപ്രതിമ രസാവഹം. അമിതാഹാരത്തില്‍ വയറുപൊട്ടുമോയെു ഭയുന്നു പാമ്പിനെ ബെല്‍റ്റാക്കി ചുറ്റി കുഞ്ഞുപീഠത്തില്‍ വമ്പന്‍ കുടവയറുമായിരിക്കുന്ന സുന്ദര ശശിവേകലു ഗണേശന്‍. കുന്നിന്റെ പടിഞ്ഞാറേ ചെരുവില്‍ ലക്ഷമിയെ തകര്‍ത്തതിനാല്‍ ഒരല്പം ചൂടായ മുഖഭാവമാണ് നരസിംഹപ്രതിമയ്ക്ക്. ലക്ഷമിനരസിംഹ ക്ഷേത്രത്തിനു സമീപം ബഡവലിംഗ ക്ഷേത്രം വെള്ളത്തില്‍ നിന്നുയര്‍ന്നു നില്‍ക്കു ഒബതടി ഉയരമുള്ള ശിവലിംഗം. പൂജ നടത്തുത് ഒരു പാവം കൃഷ്ണഭട്ട്. സാധാരണ പൂജാരിമാരുടെ തിടുക്കമോ വ്യഗ്രതയോ ഇല്ല. തികച്ചും അഹം ബ്രഹമാസ്മി. കേരളത്തില്‍ നിന്നെന്നു പറഞ്ഞപ്പോള്‍ അവിടെ ഇപ്പോള്‍ മഴയല്ലേ എന്ന് അന്വേഷണം. കൊടുത്ത ദക്ഷിണയിലേക്ക് ആര്‍ത്തി പുരണ്ട നോട്ടമില്ല. മുട്ടൊപ്പം വെള്ളത്തില്‍ നിന്നു വീണ്ടും അര്‍ച്ചന. ചില വിശുദ്ധജന്മങ്ങള്‍.

ഹംപിയില്‍ വിദേശികളാണ് ഏറെയും. സ്വയം മുഴുകി, എന്തോ തിരഞ്ഞ് പല ആംഗിളില്‍ കാമറയില്‍ പകര്‍ത്തി ദിവസങ്ങള്‍ കൊണ്ടാണ് അവര്‍ ഹംപിയെ അറിയുത്. കൊട്ടാരവളപ്പിനു മധ്യത്തായി ഹസാരേ രാമക്ഷേത്രം... ഹംപിയിലെ ഏക വൈഷ്ണവക്ഷേത്രം... രാജകുടുംബങ്ങളുടെ ഉറ്റദൈവം. ശ്രീബുദ്ധന്റെ ചിത്രങ്ങള്‍ കൊത്തുപണികളിലെമ്പാടും.......

ക്ഷേത്ര ഗണിതങ്ങളുടെ കര്‍ക്കശമായ അഴകളവുകള്‍ തുടിച്ചുനില്ക്കുന്ന ലോട്ടസ് മഹല്‍. ഇന്‍ഡോ ഇസ്‌ളാമിക് ശൈലിയുടെ ഉദാത്തസൃഷ്ടി... വിട്ടാല രാമക്ഷേത്രത്തിലെ തകര്‍ക്കപ്പെട്ട സാലഭഞ്ജികമാരുടെ തലയില്ലാത്ത ഉടലുകള്‍ സഞ്ചാരികള്‍ക്ക് സ്വാഗതമോതി നില്ക്കുന്നു. ആ കുറ്റമറ്റ അഴകളവുകള്‍ക്കപ്പുറം ഏതോ ശില്പിയുടെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും ഗന്ധം. തകര്‍ക്കാന്‍ എന്തെളുപ്പം... ആനപ്പന്തികള്‍, കുതിരലായങ്ങള്‍, സപ്തസ്വരങ്ങള്‍ പൊഴിയ്ക്കു കല്‍ത്തൂണുകള്‍.... കര്‍ണാടക ടൂറിസത്തിന്റെ മുഖമുദ്രയായ കല്‍രഥം...
ഭൂനിരപ്പിനു താഴെയുള്ള ശിവക്ഷേത്രത്തിലെ ഇരുട്ടുമുറ്റിയ ഗര്‍ഭഗൃഹങ്ങളിലെവിടെയോ തുംഗഭദ്രയുടെ തണുത്ത സ്പര്‍ശം...

ജലനിബിഢമായ ഒരു കരികല്‍ക്കിനാവ്......
സ്‌നാനഘട്ടങ്ങള്‍, ഉദ്യാനങ്ങള്‍, വാണിഭസ്ഥലങ്ങള്‍... കാഴ്ചകളുടെ ഉത്സവം തീരുതേയില്ല...
പുഷ്‌ക്കരണിയിലെ കുറ്റമറ്റ ജലവിതരണം മഹാരാജാവ് ദസ്‌റ ഉത്സവം വീക്ഷിച്ചിരു മഹാനവമി മണ്ഡപം....
അധിനിവേശത്തിനു ശേഷം എത്രയോ കാലം തച്ചുടക്കാന്‍ ശ്രമിച്ചിട്ടും ഹംപിയെ നാമാവശേഷമാക്കാന്‍ ഡക്കാന്‍ രാജവംശത്തിനു കഴിഞ്ഞില്ല... യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ സ്ഥാനംപിടിച്ച ഹംപി ഇന്ന് കര്‍ണാടക ടൂറിസത്തിന്റെ ഏറ്റവും വിലയേറിയ സ്വത്താണ്

വൈകുന്നേരത്തെ ചരിഞ്ഞുചുവന്ന സൂര്യകിരണങ്ങളില്‍ ഹംപി ഒരു സുവര്‍ണ്ണ സ്വപ്നമാകുന്നു... പച്ചപ്പുല്‍ത്തകിടിയില്‍ പോകാന്‍ മടിച്ചു കിടക്കുന്ന സഞ്ചാരികള്‍....

ഈ യാത്രയുടെ അവസാനം ഹൃദയത്തില്‍ ഒരുപാട് സങ്കടം ശേഷിപ്പിച്ചു... പഴയകാല രാജക്കന്‍മാരുടെ അരക്ഷിതമായ ആഡംബരജീവിതമോര്‍ത്ത്, അവരുടെ മഹാറാണിമാരെയോര്‍ത്ത്... കുറെക്കാലത്തെ മഹാറാണിപട്ടത്തിനുശേഷം യുദ്ധക്കെടുതിയില്‍ അയല്‍ രാജ്ഞിയുടെ സൈരന്ധ്രി അപ്രഖ്യാപിതദേവദാസി. ശരിക്കും ഭയാനകം. കിലുങ്ങുന്ന ആഭരണങ്ങള്‍ക്കും തിളങ്ങുന്ന ഉടയാടകള്‍ക്കുമപ്പുറത്തെ നിശ്ശബ്ദവേദനകള്‍...
ഋതുപര്‍ണ്ണോ, നീ ജീവിച്ചിരുന്നെങ്കല്‍ അരങ്ങിലെത്തുമായിരുന്നോ ആ പ്രാണസങ്കടങ്ങള്‍...

A walk through the adorable lost empire


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മൃതിയില്‍ നിന്നു സ്മൃതിയിലേക്ക് ഒരു നഷ്ടസാമ്രാജ്യം