Search

കോട്ടയത്ത് മാണിയെ തുണച്ചതിലൂടെ സിപിഎം മറുപടി കൊടുത്തത് സിപിഐക്ക്, കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഈ കൂട്ടുകെട്ട് വഴിതെളിച്ചേക്കാം


സിദ്ധാര്‍ത്ഥ് ശ്രീനിവാസ് 


തിരുവനന്തപുരം : കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാന്‍ കെഎം മാണിക്കു പിന്തുണ കൊടുത്ത സിപിഎം നിലപാട് കേരള രാഷ്ട്രീയത്തില്‍ സംഭവിക്കാവുന്ന വലിയൊരു മാറ്റത്തിന്റെ സൂചനയായി വിലയിരുത്താം.

തങ്ങളുമായി നിരന്തരം ഇടയുന്ന സിപിഐക്കുള്ള മറുപടി കൂടിയാണ് മാണിയുമായി സിപിഎം ഉണ്ടാക്കിയിരിക്കുന്ന ചങ്ങാത്തം. പ്രാദേശികമായ നീക്കുപോക്കെന്നു മാത്രമാണ് ഇതിനെ സിപിഎം നേതൃത്വം ന്യായീകരിക്കുന്നത്. എന്നാല്‍, വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ് ഈ നീക്കത്തിനു സിപിഎം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

മാണിയുമായി കൈകോര്‍ക്കുന്നതില്‍ സിപിഎമ്മില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുന്നത് വിഎസ് അച്യുതാനന്ദനെ പോലെ ചുരുക്കം ചിലര്‍ മാത്രമാണ്. എന്നാല്‍, മറ്റുള്ളവരെല്ലാം ഇതൊരു അടവുനയമായി വ്യാഖ്യാനിക്കാനാണ് ഇഷ്ടപ്പെടുന്നത്.

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെ വിഷയങ്ങളില്‍ സിപിഎമ്മിനെ വെല്ലുവിളിച്ചുകൊണ്ടാണ് സിപി ഐ മുന്നേറുന്നത്. പലപ്പോഴും തുറന്ന പോരിലേക്കാണ് ഇരു പാര്‍ട്ടികളും ചെന്നെത്തുന്നത്. വല്യേട്ടന്‍ മനോഭാവം നടപ്പില്ലെന്ന മട്ടിലാണ് സിപിഐ യുടെ പോക്ക്. ഇത് സിപിഎമ്മനും അസ്വസ്ഥമാക്കുന്നുമുണ്ട്.

സിപി ഐ മുന്നണി വിട്ടുപോകുന്ന ഘട്ടം വന്നാല്‍ പോലും അതിശയിക്കാനില്ലെന്നാണ് ഇരു കക്ഷികളിലെയും ചില നേതാക്കള്‍ പറയുന്നത്. അങ്ങനെ ഒരു ഘട്ടം വന്നാല്‍ ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് മാണിയെ കൂടി സിപിഎം വശത്തേ പിടിക്കുന്നത്. ഇതിലൂടെ സിപി ഐക്ക് വ്യക്തമായ ഒരു സന്ദേശം കൊടുക്കാനും സിപിഎമ്മിനു കഴിഞ്ഞിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് എമ്മിലെ സക്കറിയാസ് കുതിരവേലിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎം പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടത്. ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫ് മുന്നണിയിലെ ആറ് സിപിഎം അംഗങ്ങളും സക്കറിയാസിനെ പിന്തുണച്ചപ്പോള്‍ ഏക സിപിഐ അംഗം പി സുഗുണന്‍ വോട്ടു ചെയ്യാതെ മാറിനിന്നു എന്നതും ശ്രദ്ധേയമാണ്.

കേരള കോണ്‍ഗ്രസിന് ആറ് അംഗങ്ങള്‍ ജില്ലാ പഞ്ചായത്തിലൂണ്ട്. ഇതോടെ 22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ 12 പേരുടെ പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം അധികാരം പിടിക്കുകയായിരുന്നു.

പി.സി.ജോര്‍ജിന്റെ ജനപക്ഷ മുന്നണിയുടെ പ്രതിനിധിയായ ലിസി സെബാസ്റ്റ്യന്‍ വോട്ട് അസാധുവാക്കിയാണ് ആര്‍ക്ക് വോട്ടു ചെയ്യണമെന്ന പ്രതിസന്ധിയില്‍ നിന്നു തടിയൂരിയത്.

കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇതാണ് പുതിയ കരുനീക്കങ്ങള്‍ക്ക് മാണിയെയും സിപിഎമ്മിനെയും പ്രേരിപ്പിച്ചത്.

കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന യുഡിഎഫ് രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്റ് പദവി മാണി വിഭാഗത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. യുഡിഎഫ് ബന്ധം മാണി അവസാനിപ്പിച്ചെങ്കിലും ജില്ലാ പഞ്ചായത്തില്‍ സഹകരണം തുടരുകയായിരുന്നു. എന്നാല്‍ ജോഷി ഫിലിപ്പ് രാജിവച്ചതോടെ മാണി പുതിയ തന്ത്രം മെനയുകയായിരുന്നു.

മാണിയില്‍ നിന്ന് രാഷ്ട്രീയ മര്യാദ പ്രതീക്ഷിച്ച കോണ്‍ഗ്രസിനാണ് തെറ്റുപറ്റിയതെന്നാണ് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള പ്രതികരിച്ചത്. മാണിയുടെ രാഷ്ട്രീയ നെറികേടുകള്‍ സംബന്ധിച്ച് ഞങ്ങള്‍ ഉമ്മന്‍ ചാണ്ടിയോട് പരാതിപ്പെട്ടിട്ടും അവര്‍ അത് അംഗീകരിച്ചില്ല. പക്ഷേ ഇപ്പോള്‍ അനുഭവത്തില്‍ നിന്ന് അവര്‍ക്ക് മാണിയെ മനസ്സിലായി.

പക്ഷേ, മാണി ഇടതു പക്ഷത്തേയ്ക്കു വരുന്നതില്‍ പിള്ളയ്ക്ക് ആശങ്കയുണ്ട്. തങ്ങളുടെ കക്ഷിക്ക് ഇടതു മുന്നണി പ്രവേശം ഉറപ്പായിട്ടു മതി മാണിയുടെ വരവെന്നും പിള്ള പ്രതികരിച്ചിട്ടുണ്ട്.

മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരോപിച്ചു. സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ മാണിയെ രൂക്ഷമായി വിമര്‍ശിച്ചത്.

ഇതേസമയം, മാണിക്കെതിരായ അഴിമതിക്കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ഇക്കാര്യത്തില്‍ തന്റെ വിയോജിപ്പു രേഖപ്പെടുത്തിക്കൊണ്ട് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കോട്ടയത്ത് മാണിയെ തുണച്ചതിലൂടെ സിപിഎം മറുപടി കൊടുത്തത് സിപിഐക്ക്, കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഈ കൂട്ടുകെട്ട് വഴിതെളിച്ചേക്കാം