Search

ഉഷസ് തേടിയൊരു യാത്ര, പി ടി ഉഷയുടെ വീട്ടിലേക്ക്

ഒളിമ്പ്യന്‍ പി ടി ഉഷയുടെ വീട്ടിലേക്ക് ദീപിക സ്‌പോര്‍ട്‌സ് എഡിറ്റര്‍ രാജേഷ് കുമാര്‍ നടത്തിയ യാത്രയുടെ ഓര്‍മകളിലേക്ക്…

കഴിഞ്ഞ തിങ്കളാഴ്ച പി.ടി. ഉഷയെ വിളിച്ചു.

ഉഷേച്ചി ഒന്നുകാണണമെന്നുണ്ട്. കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ട്…

അതിനെന്താ രാജേഷ് എപ്പോ വേണമെങ്കിലും വരാല്ലോ.. ഞാന്‍ പയ്യോളിയില്‍ത്തന്നെ ഉണ്ട്. ഞായറാഴ്ച വന്നാല്‍ അസൗകര്യമാകുമോ…?
ഇല്ല ഒരിക്കലുമില്ല. വൈകിട്ട് നാലിനുശേഷം വന്നോളൂ. രാവിലെ മോനും കൂട്ടുകാരും വരുന്നുണ്ട്. അവര്‍ ഉച്ചകഴിയുമ്പോള്‍ മടങ്ങിപ്പോകും. അതുകഴിഞ്ഞായാല്‍ കൂടുതല്‍ നന്നായിരുന്നു. വരുന്നതിനുമുമ്പ് ഒന്നുകൂടി വിളിച്ചോളൂ.

ആ സംസാരം അവിടെ അവസാനിച്ചു.

ശനിയാഴ്ച വീണ്ടും വിളിച്ചു. അപ്പോള്‍ ഫോണിന്റെ മറുതലയ്ക്കന്‍ ഉഷയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്‍ബലമേകുന്ന ശ്രീനിയേട്ടന്‍. രാജേഷ് വിളിച്ചിരുന്ന കാര്യം ഉഷ പറഞ്ഞിരുന്നു. നാളെ നാലുമണിക്കു ശേഷം വന്നോളൂ. ശ്രീനിയേട്ടന്‍ ഫോണ്‍ വച്ചു.

അത്‌ലറ്റിക്‌സ് റിപ്പോര്‍ട്ടിംഗില്‍ ഉഷേച്ചി ഒരര്‍ഥത്തില്‍ എന്റെ ഗുരുകൂടിയാണ്. ഓരോ തവണ സംസാരിക്കുമ്പോഴും അത്‌ലറ്റുകളുടെ എ ടു ഇസഡ് കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കിത്തരും. സാങ്കേതിക വശങ്ങള്‍, ഫിറ്റ്‌നസ് കാര്യങ്ങള്‍ എന്നുവേണ്ട അത്‌ലറ്റിക്‌സുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും. റിക്കാര്‍ഡുകളെക്കുറിച്ചും ഓരോരുത്തരുടെ മികച്ച സമയത്തേക്കുറിച്ചുകൊക്കെ നല്ല ധാരണയാണ് ഉഷയ്ക്ക്.

ബാഡ്മിന്റണ്‍ താരം വി. ഡിജു, രാജേഷ് കുമാര്‍, ശ്രീനിവാസന്‍, പി, ടി ഉഷ എന്നിവര്‍ ഉഷസ്സില്‍
ബാഡ്മിന്റണ്‍ താരം വി. ഡിജു, രാജേഷ് കുമാര്‍, ശ്രീനിവാസന്‍, പി, ടി ഉഷ എന്നിവര്‍ ഉഷസ്സില്‍
പല മീറ്റുകളിലും പോയപ്പോള്‍ അവിടെവച്ച് സംസാരിച്ചിട്ടുള്ള പരിചയം മാത്രമായിരുന്നു അതുവരെ. പലവട്ടം ഉഷേച്ചി വീട്ടിലേക്കും സ്‌കൂളിലേക്കും ക്ഷണിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് അവസരം തരപ്പെടുന്നത്. അങ്ങനെ ഇന്നലെ പോയി.

ഉഷ എന്ന വിസ്മയം

ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റിനെ കാണാന്‍ എന്റെ സുഹൃത്തുക്കളായ ബാഡ്മിന്റണ്‍ താരം വി.ഡിജു, ശ്രീകാന്ത് എന്നിവര്‍ക്കൊപ്പം വൈകുന്നേരം നാലരയോടെ കൊയിലാണ്ടിക്കടുത്ത് പയ്യോളിയിലെത്തി. ഉഷയെന്ന അത്‌ലറ്റിനെ വാര്‍ത്തെടുത്ത മണ്ണില്‍ കാലുകുത്തുമ്പോള്‍ ഓര്‍മത്താളുകളില്‍ ഉഷ കോറിയിട്ട ചരിത്രനിമിഷങ്ങള്‍ തെളിഞ്ഞു. ഞങ്ങളെ സ്വീകരിക്കാന്‍ ഉഷേച്ചിയുടെ ഭര്‍ത്താവ് ശ്രീനിയേട്ടന്‍ വാതില്‍ക്കല്‍ത്തന്നെ ഉണ്ടായിരുന്നു.

അകത്തുകയറുമ്പോള്‍ ഉഷേച്ചി നല്ല ആതിഥേയയായി ഞങ്ങളെ അകത്തേക്കാനയിച്ചു. കുശലാന്വേഷണങ്ങള്‍ പറഞ്ഞു. അര്‍ജുന അവാര്‍ഡ് വിവാദവും മറ്റും പങ്കുവച്ചു. പിന്നെ ലഘുഭക്ഷണം. ഉഷേച്ചിയുടെയും ശ്രീനിയേട്ടന്റെയും ലാളിത്യം ഞങ്ങള്‍ അറിയുകയായിരുന്നു.

ഉഷ നേടിയ മെഡലുകളും അവാര്‍ഡുകളും ഓരോന്നായി കാണിച്ചു തന്നു. ഓരോ മെഡലുകള്‍ക്കും ഓരോ ചരിത്രം പറയാനുണ്ടല്ലോ. അതിനിടെ, ഉഷയ്ക്കു ലഭിച്ച ആദ്യ മെഡലും ഞാന്‍ കണ്ടു. ഒരു ചരിത്രത്തല്‍ കുറിച്ചിട്ട തങ്കഫലകത്തിലാണ് ഞാന്‍ തൊട്ടത് എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു.

ഉഷേച്ചിയുടെ ഓര്‍മകളുടെ കടലിരമ്പം കേട്ടു. ഉഷേച്ചി തന്റെ സ്‌കൂളില്‍വച്ചു നടന്ന മീറ്റില്‍ സ്വന്തമാക്കിയ മെഡലായിരുന്നു അത്. പത്മശ്രീയും അര്‍ജുനയും മറ്റ് നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഈ നേട്ടത്തെ ഉഷ ഇന്നും താലോലിക്കുന്നു.

പിന്നീട് അപൂര്‍വങ്ങളായ ചിത്രങ്ങള്‍ കണ്ടു. രാജീവ് ഗാന്ധിക്കും നെഹ്‌റുവിനും സെയില്‍സിംഗിനുമൊക്കെ ഒപ്പമുള്ള ഫോട്ടോകള്‍ ഉണ്ടെങ്കിലും ഫോട്ടോ ക്രമത്തില്‍ ആദ്യം സ്ഥാനം പിടിച്ചിരിക്കുന്നത്. ഉഷേച്ചിയുടെ അച്ഛനൊപ്പമുള്ള ചിത്രമാണ്. പിന്നെ ഉഷയെ അത്‌ലറ്റിക് രംഗത്തേക്കു തിരിച്ചുവിട്ട ബാലകൃഷ്ണന്‍ സാറിനൊപ്പമുള്ളത്. ഗുരുത്വമാണ് ഒരത്‌ലറ്റിക് ഏറ്റവുമധികം വേണ്ടതെന്ന് ഉഷ വിശ്വസിക്കുന്നു.

ഇതിനിടെ സന്ധ്യാദീപം കൊളുത്തുന്നതിനായി ഉഷയെഴുന്നേറ്റു. അഞ്ചുതിരിയിട്ട നിലവിളക്കുമായി ഉമ്മറത്തെത്തി പ്രകാശം പരത്തിയ ശേഷം തിരിച്ചെത്തി നിലവിളക്ക് സ്വീകരണമുറിയില്‍ വച്ചു. നിമിഷങ്ങളുടെ പ്രാര്‍ഥന. ഈ ഈശ്വരവിശ്വാസം കൂടിയായിരിക്കാം ഉഷയിലെ അത്‌ലറ്റിന് ഇത്രയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചത്.

ശ്രീനിയേട്ടനെക്കുറിച്ച്

ഇങ്ങനെയൊരു ഭര്‍ത്താവ് ഈ ലോകത്തില്‍ വേറാരുമുണ്ടാകില്ല. ഉഷയുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നതിനൊപ്പം ഉഷയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പിന്തുണയുമായി ഒപ്പമുണ്ട്. ഉഷ സ്‌കൂല്‍ന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ശ്രീനിയേട്ടനാണ്. ഉഷയിലെ മനുഷ്യസ്‌നേഹിയെയും അത്‌ലറ്റിക് സ്‌നേഹിയെയും ജനം മനസിലാക്കുന്നതില്‍ ഈ മനുഷ്യന്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

മടക്കം

രാത്രി ഏഴരയോടെ ഞങ്ങള്‍ ഉഷസില്‍നിന്ന് ഇറങ്ങി. കുറേനേരം സംസാരിക്കാന്‍പറ്റി എന്നതിനപ്പുറം ഉഷയെന്ന വ്യക്തിയെ ഞങ്ങള്‍ അറിയുകയായിരുന്നു. ഇന്ത്യയുടെ അത്‌ലറ്റിക് രംഗത്തേക്കുറിച്ചുളള ആശങ്കകളും പ്രതീക്ഷകളും ഉഷ പങ്കുവച്ചു. അവിടെനിന്നിറങ്ങുമ്പോള്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റായിരുന്നില്ല ഞങ്ങളുടെ മനസില്‍. ഓരോ നിമിഷവും അത്‌ലറ്റിക് രംഗത്തിന്റെ വികസനത്തിനും നന്മയ്ക്കും വേണ്ടി പോരാടുന്ന ഒരാളെയായിരുന്നു. സര്‍വോപരി നല്ല ഒരു കുടുംബിനിയെയും. ഉഷയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍… ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഉഷസ് തേടിയൊരു യാത്ര, പി ടി ഉഷയുടെ വീട്ടിലേക്ക്