സ്വന്തം ലേഖകന്‍/www.vyganews.com തിരുവനന്തപുരം: ബാര്‍ ഉടമകളില്‍ നിന്നു കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കുടുങ്ങിയ എക്സൈസ് മന്ത്രി കെ ബാബു...
സ്വന്തം ലേഖകന്‍/www.vyganews.com
തിരുവനന്തപുരം: ബാര്‍ ഉടമകളില്‍ നിന്നു കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കുടുങ്ങിയ എക്സൈസ് മന്ത്രി കെ ബാബുവിനെതിരേയും പുനരന്വേഷണം വരാന്‍ സാദ്ധ്യത.
ആരോപണവിധേയനായ ധനമന്ത്രി കെഎം മാണി നേരിടേണ്ടിവന്നതിനു സമാനമായ നടപടികള്‍ ബാബുവിനെതിരേയും വരാനാണ് എല്ലാ സാദ്ധ്യതയുമെന്നാണ് നിയമജ്ഞരുടെ പക്ഷം.
സാഹചര്യ തെളിവുകളാണ് മാണിയെ കുടുക്കിയത്. സമാനമായ തെളിവുകള്‍ ബാബുവിനെതിരേയുമുണ്ട്. ഇതു മാണി തന്നെ വിളിച്ചുപറഞ്ഞുകഴിഞ്ഞു.
ബാറുടമ ബിജു രമേശ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാണിക്കെതിരേ എഫ്.ഐ.ആര് തയ്യാറാക്കുകയും വിജിലന്‍സ് കോടതിയും ഹൈക്കോടതിയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്.
ബിജു രമേശ് തന്നെയാണ് ഇപ്പോള്‍ താന്‍ നേരിട്ട് ബാബുവിന് കോഴ നല്‍കിയെന്നും അതിനു നുണ പരിശോധനയ്ക്കു പോലും തയ്യാറാണെന്നു പറഞ്ഞതും. ബിജുവിന്റെ പരാതി വിജിലന്‍സ് തള്ളിക്കളഞ്ഞത് സുപ്രീംകോടതി വിധികളുടെ ലംഘനമാണ്. ഒരാള്‍ ഒരു പരാതി നല്കിയാല് അന്വേഷണ ഏജന്‍സി ആ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി എഫ്.ആര് തയ്യാറാക്കിയേ തീരൂ.
രണ്ട് മന്ത്രിമാര്‍ക്കെതിരെയാണ് ബിജു രമേശ് പരാതി നല്‍കിയത്. മാണിക്കെതിരെയുള്ള പരാതിയില്‍ ബിജു രമേശിന് കേട്ടുകേള്‍വിയും സാഹചര്യ തെളിവുകളുമായിരുന്നു ഉണ്ടായിരുന്നത്. ആ പരാതിയില്‍ ക്വിക്ക് വെരിഫിക്കേഷനും എഫ്.ഐ.ആറും ഇട്ട വിജിലന്‍സ് മന്ത്രി ബാബുവിന്റെകേസില് മറ്റൊരു നിലപാടാണ് സ്വീകരിച്ചത്.
ഫലത്തില്‍ ബാബുവിനെതിരായ ആരോപണമാണ് ഗുരുതരം. കോഴ നല്‍കിയത് പരാതിക്കാരനായ ബിജു രമേശ്നേരിട്ടാണ്. മാത്രവുമല്ല, കോഴ നല്‍കിയതിന് പിന്‍ബലമായി നാല് സാക്ഷിമൊഴികളും വിജിലന്‍സിന് ലഭിച്ചു.
ബിജുവിന്റെ പരാതി പരസ്പരവിരുദ്ധവും സാക്ഷികള്‍ വിശ്വാസ്യതയില്ലാത്തവരും എന്നുപറഞ്ഞാണ് വിജിലന്‍സ് മന്ത്രി ബാബുവിനെതിരെയുള്ള പരാതി പ്രാഥമിക അന്വേഷണം നടത്തി തള്ളിക്കളഞ്ഞത്. ഇതില്‍ ഒരു സാക്ഷി പാസ്പോര്‍ട്ട് തിരുത്തിയകേസില് പ്രതിയാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കൊലക്കേസില്‍ പ്രതിയായാലും ഒരു വ്യക്തിക്ക് മറ്റൊരുകേസില്‍ സാക്ഷിയാകുന്നതിന് തടസമില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.
ഒരു മന്ത്രിക്കെതിരെ പരാതിയുണ്ടായാല്‍ ആ കേസ് ക്ലോസ് ചെയ്യേണ്ടത് നിയമപരമായ നടപടിയാണ്. മാണിക്കെതിരെയുണ്ടായ പരാതിയില്‍ കേസ് എടുക്കുകയും അത് പുനരന്വേഷണ ഘട്ടത്തിലേക്ക് നീങ്ങുകയും ചെയ്തു. സാഹചര്യ തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ മാണിക്കെതിരെ എടുത്തകേസ് പുനരന്വേഷിക്കണമെന്ന് വിജിലന്സ്കോടതിയും ഹൈക്കോടതിയും പറഞ്ഞ പശ്ചാത്തലത്തില്‍ രണ്ടാമത്തെ മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്ന അതേ പരാതിയില്‍ മറ്റൊരു നിലപാട് നിയമപരമായി നിലനില്‍ക്കുന്നതല്ല.
പരാതിക്കാരനായ ബിജു രമേശോ മറ്റാരെങ്കിലുമോ ഇതേ വിഷയം ഉന്നയിച്ച് വിജിലന്സിനെയോകോടതിയെയോ സമീപിച്ചാല്‍ ആകേസ് നിലനില്ക്കുകയും ചെയ്യും.
COMMENTS