Search

അമേരിക്കയില്‍ ബോംബിടാന്‍ ചൈനയ്ക്ക് ഇനി 50 മിനിറ്റ്!

എം. രാഖി വാഷിംഗ്ടണ്‍/www.vyganews.com

വാഷിംഗ്ടണ്‍ : അമേരിക്കയെ ഞെട്ടിച്ചുകൊണ്ട്, അവരുടെ മിസൈല്‍ പ്രതിരോധ കവചത്തെ അതിജീവിച്ച് ആണവായുധം പ്രയോഗിക്കാനുള്ള അതിവേഗ സംവിധാനം വിജയകരമായി പരീക്ഷിച്ചു. നാലാം പരീക്ഷണം ഇന്നു വെളുപ്പിനു നടന്നുവെന്നും പരീക്ഷണം വന്‍ വിജയമായിരുന്നുവെന്നും ചൈന പറഞ്ഞു.

ഇതോടെ, ബെയ്ജിംഗിലിരുന്നു നിമിഷവേഗത്തില്‍ അമേരിക്കയില്‍ ആണവായുധം പ്രയോഗിക്കാന്‍ ചൈനീസ് സേന കരുത്തുനേടിയിരിക്കുകയാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഭൂമിയുടെ അന്തരീക്ഷത്തിന്റെ ബഹിരാകാശത്തോടു ചേര്‍ന്നുള്ള അരികുപറ്റി സഞ്ചരിച്ച് ആണവായുധം വര്‍ഷിക്കാമെന്നതാണ്. ഇക്കാരണത്താല്‍ തന്നെ അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ആണവായുധ വാഹിനിയെ കണ്ടെത്താനോ പ്രതിരോധിക്കാനോ കഴിയില്ല. ഇതു തന്നെയാണ് അമേരിക്കയെ വിഭ്രമിപ്പിക്കുന്നതും.

Wu14അമേരിക്കന്‍ റഡാറുകള്‍ക്കും ഇവയെ കണ്ടെത്താനാവില്ല. അമേരിക്കയുടെ ചാര ഉപഗ്രഹങ്ങള്‍ക്ക് ഇവയെ കണ്ടെത്താനാവുമോ എന്ന് അറിവായിട്ടില്ല. ഇനി കണ്ടെത്തിയാലും അതിവേഗത്തില്‍ കുതിച്ചെത്തുന്ന ഇവയെ ട്രാക് ചെയ്യുക സാധ്യമാവുമെന്നും ഉറപ്പില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ വക്താവ് ലഫ്. കേണല്‍ ജെഫ് പൂഫ് തയ്യാറായതുമില്ല.

അതിരുകടന്ന സാമര്‍ത്ഥ്യമെന്നാണ് ചൈനയുടെ പരീക്ഷണത്തെ അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്. ആണവായുധ വാഹിനിയുടെ പേര് ചൈന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

എന്നാല്‍, അമേരിക്ക ഇതിനിട്ടിരിക്കുന്ന പേര് Wu-14 എന്നാണ്. ശബ്ദത്തിന്റെ പത്തിരട്ടി വേഗമാണ് Wu-14  ഉള്ളത്. മണിക്കൂറില്‍ ഏകദേശം 12360 കിലോമീറ്ററാണ് Wu-14  ന്റെ വേഗം. ബെയ്ജിംഗല്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്കുള്ള അന്തരീക്ഷ ദൂരം 11170 കിലോമീറ്ററാണ്. അതായത്, അമേരിക്കന്‍ തലസ്ഥാനത്ത് ഇനിയൊരു ബോംബിടാന്‍ ചൈനയ്ക്ക് കഷ്ടിച്ച് 50 മിനിറ്റു മതിയെന്ന് അര്‍ത്ഥം.

സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ഫാന്‍ ചങ്‌ലോങ് അമേരിക്കന്‍ സന്ദര്‍ശനത്തില്‍
സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ഫാന്‍ ചങ്‌ലോങ് അമേരിക്കന്‍ സന്ദര്‍ശനത്തില്‍

ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ഫാന്‍ ചങ്‌ലോങ് അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ വേളയിലാണ് നാലാം പരീക്ഷണമെന്നതും ശ്രദ്ധേയമാണ്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി ചങ്‌ലോങ് ചര്‍ച്ച നടത്തുന്നുമുണ്ട്. അമേരിക്കയെ ഒന്നു പേടിപ്പിച്ച ശേഷം നടത്തുന്ന ചര്‍ച്ചകളില്‍ തങ്ങള്‍ക്കു മേല്‍ക്കൈ നേടാമെന്ന തന്ത്രം കൂടി ഇതിനു പിന്നിലുണ്ട്.

സൗത്ത് ചൈനാ കടലില്‍ ജപ്പാനു വേണ്ടി തങ്ങളുമായി ഉരസി നില്‍ക്കുന്ന അമേരിക്കയെ പേടിപ്പിക്കുക എന്നതിനപ്പുറം ഇന്ത്യയെ വിരട്ടുകയും ചൈനയുടെ പരീക്ഷണത്തിനു പിന്നിലുണ്ട്. സ്വന്തമായി മിസൈല്‍ പ്രതിരോധ സംവിധാനം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ.

ഇതിനപ്പുറം ചൊവ്വയിലേക്ക് പേടകത്തെ അയച്ച ഇന്ത്യയുടെ പി.എസ്.എല്‍.വി സി-2 ലോഞ്ച് വെഹിക്കിള്‍ അല്പമൊന്നു രൂപമാറ്റം വരുത്തി മിസൈലാക്കിയാല്‍ ചൈനയിലെവിടെയുമെന്നല്ല, ഭൂഖണ്‍ണ്ഡങ്ങള്‍ കടന്ന് അമേരിക്കയില്‍ വരെ ആണവായുധം വര്‍ഷിക്കാന്‍ പോന്നതാണെന്ന് ലോകരാഷ്ട്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയ്ക്കു മുന്നില്‍ തങ്ങള്‍ കൈകെട്ടി ഇരിക്കുകയല്ലെന്നു പറയാതെ പറയുക കൂടിയാണ് ചൈന.

America, China, World, Bomb, Attack, India


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അമേരിക്കയില്‍ ബോംബിടാന്‍ ചൈനയ്ക്ക് ഇനി 50 മിനിറ്റ്!