Search

ഒരിക്കലെങ്കിലും ആംബുലന്‍സില്‍ കിടന്നിട്ടുണ്ടോ ഡിജിപി ?

രോഗിയുമായി പോകുന്ന ആംബുലന്‍സുകള്‍ക്ക് വേഗപരിധി നിശ്ചയിച്ച ഡിജിപി ടിപി സെന്‍ കുമാറിന്റെ നടപടി അങ്ങേയറ്റത്തെ അനാവശ്യമാണ്. സ്വന്തം ജീവനോ ഉറ്റവരുടെ ജീവനോ എടുത്തു കൈയില്‍ പിടിച്ചു പോകേണ്ട ഗതികേട് അദ്ദേഹത്തിനുണ്ടാവാതിരിക്കട്ടെ.

അങ്ങനെ പോകേണ്ടി വരുമ്പോള്‍ മാത്രമേ ഒരാള്‍ ആംബുലന്‍സിന്റെ വിലയും അതില്‍ ഇരിക്കുന്നവരുടെ അവസ്ഥയും മനസ്സിലാക്കുകയുള്ളൂ. കഴിഞ്ഞ ദിവസം കഴക്കൂട്ടത്തുവച്ച് തിരക്കേറിയ റോഡില്‍ പിന്നില്‍ നിന്നു ലൈറ്റിട്ടു, സൈറണ്‍ മുഴക്കി ആംബുലന്‍സ് വരുന്നതു കണ്ട് കാര്‍ ഒതുക്കിക്കൊടുത്തപ്പോള്‍ എതിരേ വന്ന കെഎസ്ആര്‍ടിസി ബസ് ലൈറ്റിട്ടു ആംബുലന്‍സിന്റെ മുന്നേറ്റം തടയുന്നതുകണ്ടു. ഒന്നു സൈഡൊതുക്കാനോ, ഗിയര്‍ മാറാനോ മടിച്ചാണ് കെഎസ്ആര്‍ടിസിക്കാരന്‍ ഈ അഹന്ത കാട്ടിയത്. പക്ഷേ, തനിക്കു വേണ്ടപ്പെട്ട ഒരാളാണ് ആംബുലന്‍സില്‍ കിടക്കുന്നതെന്ന് ആ ബസ് ഡ്രൈവര്‍ ഒരുവേള ചിന്തിച്ചിരുന്നെങ്കില്‍ അയാള്‍ക്ക് അങ്ങനെ ചെയ്യാന്‍ തോന്നില്ലായിരുന്നു.

ഇതാണ് നമ്മുടെ നാട്ടിലെ സംസ്‌കാരം. ആ സംസ്‌കാരത്തിലേക്കു തന്നെയാണ് ഡിജിപിയുടെ ഉത്തരവും ചെന്നു ചേരുന്നത്. ഇതേ ഡിജിപിക്ക് മുന്നിലും പിന്നിലും പൊലീസിനെ എസ്‌കോര്‍ട്ട് നിര്‍ത്തി കുതിച്ചുപായുന്ന മന്ത്രിമാരെ തടയാനോ അവരുടെ വണ്ടികളില്‍ സ്പീഡ് ഗവേര്‍ണര്‍ വച്ചുകൊടുക്കാനോ ആണ് ആദ്യം ധൈര്യമുണ്ടാവേണ്ടത്.

ഡിജിപി വന്നതുമുതല്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ മിക്കതും നല്ലതു തന്നെ. വാഹന പരിശോധനയ്ക്കും മറ്റും അദ്ദേഹം ഏര്‍പ്പെടുത്തിയ നിയന്ത്രണം അഭിനന്ദനീയമാണ്. പക്ഷേ, അദ്ദേഹത്തിന്റെ സേനാംഗങ്ങള്‍ മാത്രം ആ ഉത്തരവുകള്‍ വായിച്ചിട്ടില്ലെന്നു തോന്നുന്നു.

വാഹനത്തില്‍ ചെന്നു പരിശോധന നടത്തണമെന്ന ഉത്തരവ് ഒരിടത്തും പാലിക്കുന്നില്ല. മിക്കയിടത്തും പാതയോരത്ത് വണ്ടിയൊതുക്കി, അതിന്റെ ബോണറ്റില്‍ കാല്‍ കയറ്റിനിന്ന് ആര്‍സി ബുക്ക് പരിശോധിക്കുകയും വാഹന ഉടമകളെ വിരട്ടുകയും ചെയ്യുന്ന പൊലീസ് ഏമാന്‍മാരുടെ കാഴ്ച ഇപ്പോഴുമുണ്ട്. വാഹന ഉടകമളെല്ലാം ക്രിമിനലുകളാണെന്ന തോന്നലാണ് നമ്മുടെ പൊലീസുകാര്‍ക്ക്.

ഇങ്ങനെ സ്വന്തം വകുപ്പുകാരെ നേരേ നടത്തുന്നതിനു മുന്‍പാണ് കൊല്ലത്തു കാള പെറ്റെന്നു കേട്ട് ഡിജിപി കയറെടുത്തിരിക്കുന്നത്.

വ്യാപക വിമര്‍ശനത്തിന് ഇടയാക്കുന്നു. ഇതിനിടെ, ഡിജിപിയുടെ നടപടിക്കെതിരേ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി: ആര്‍. ശ്രീലേഖ നിലപാടെടുക്കുക കൂടി ചെയ്തതോടെ വിവാദം ശക്തമായിരിക്കുകയാണ്.

രക്ത സാംപിളുമായി പോയ ആംബുലന്‍സ് വാഹന പരിശോധനയുടെ പേരില്‍ കൊല്ലത്ത് പൊലീസ് രണ്ടുതവണ തടഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. കൊല്ലം പൊലീസിന്റെ നടപടി ശരിയെന്നാണ് പൊലീസ് കമ്മിഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു പിന്നാലെയാണ് ആംബുലന്‍സുകള്‍ക്ക് അമിതവേഗം അരുതെന്ന് ഡിജിപി നിലപാട് എടുത്തിരിക്കുന്നത്.

എന്നാല്‍, ആംബുലന്‍സുകള്‍ക്ക് വേഗപരിധി പാടില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എഡിജിപി: ആര്‍. ശ്രീലേഖ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് വിജ്ഞാപം ഇനമിറക്കണമെന്നാവശ്യപ്പെട്ട് എഡിജിപി സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ആംബുലന്‍സുകളെ വേഗ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കണമെന്നു കാട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കത്തയക്കുകയും ചെയ്തു.
രോഗികളുമായി വരുന്ന ആംബുലന്‍സ് നിയമം ലംഘിക്കുകയാണെങ്കിലും നടപടിയെടുക്കരുതെന്ന് കാട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുമുണ്ട്. നിരീക്ഷണ ക്യാമറയില്‍ കുറ്റം പതിഞ്ഞാലും നോട്ടീസ് അയക്കരുത്.

വിലപ്പെട്ട മനുഷ്യജീവന്‍ രക്ഷിക്കാനുള്ള പരക്കം പാച്ചിലിനിടയിലെ ഇത്തരം നിയമലംഘനങ്ങള്‍ കണക്കിലെടുക്കരുത്. എന്നാല്‍ അത്യാഹിത സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ പിഴ ഈടാക്കാവുന്നതാണെന്നും സര്‍ക്കുലറിലുണ്ട്.

ആംബുലന്‍സിന് വേഗപരിധി നിര്‍ബന്ധമല്ലെന്ന് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നുണ്ട്. അപ്പോള്‍ കേരളത്തില്‍ മാത്രമെന്തിനാണ് വേഗനിയന്ത്രണം?

ആനയെ റോഡിലൂടെ നടത്തിക്കൊണ്ടു പോവുകയാണെങ്കില്‍ ചുറ്റിലും വേലി കെട്ടി അതിനുള്ളിലായിരിക്കണം ആനയെന്നു പണ്ട് ഒരു ഉത്തരവ് വന്നിരുന്നു. ഏതാണ്ട് അതുപോലെയായിപ്പോയി ഡിജിപിയുടെ ഉത്തരവ്.

-ദീപ്തി പിള്ള

dpillai101@gmail.com.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഒരിക്കലെങ്കിലും ആംബുലന്‍സില്‍ കിടന്നിട്ടുണ്ടോ ഡിജിപി ?