Search

ആറാട്ട് കടവിലെത്തുക.

ഇന്ന് ആറാട്ട്, ഭക്തിലഹരിയില്‍ ഗുരുവായൂര്‍


ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്. പത്തു ദിവസം നീണ്ട ഉല്‍സവത്തിന് ഇതോടെ സമാപനമാവും.

ഇന്ന് ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ആറാട്ടാണ്. ഭഗവാന്‍ ആറാടിയ തീര്‍ത്ഥത്തില്‍ ഭക്തിയുടെ നീരാട്ടിനായി കാത്തു നില്‍ക്കുന്നത് ഭക്തജന സഹസ്രങ്ങളാണ്.

ഇന്ന് രാവിലെ തന്നെ ക്ഷേത്രസന്നിധിയില്‍ തിരക്കേറി. വൈകുന്നേരം നാലരയോടെയാണ് ആറാട്ട് ചടങ്ങുകള്‍ക്ക് ആരംഭം. നാലരയ്ക്ക് നടതുറന്ന് മൂലവിഗ്രഹത്തിലുള്ള ചൈതന്യം മുഴുവന്‍ ആവാഹിച്ചെടുത്ത് പഞ്ചലോഹവിഗ്രഹം പുറത്തേക്കെഴുന്നെള്ളിച്ച് പഴുക്കാമണ്ഡപത്തില്‍ വയ്ക്കും. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേക്കെഴുന്നെള്ളിക്കുക. കൊടിമരത്തറയ്ക്കല്‍ എഴുന്നെള്ളിച്ചുവച്ചശേഷം അവിടെയാണ് ദീപാരാധന.

പഞ്ചവാദ്യത്തിന്റെയും മേളത്തിന്റെയും അകമ്പടിയിലാകും എഴുന്നെള്ളിപ്പ്. രുദ്രതീര്‍ഥക്കുളത്തിന് വടക്കുഭാഗത്ത് എഴുന്നെള്ളിപ്പെത്തിയാല്‍ പഞ്ചവാദ്യം അവസാനിക്കും. പിന്നീടാണ് മേളം. ഭഗവതിക്ഷേത്രത്തിലൂടെയാണ് എഴുന്നെള്ളിപ്പ്

തുടര്‍ന്ന് ക്ഷേത്രം തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഗംഗ, യമുന തുടങ്ങിയ പുണ്യതീര്‍ഥങ്ങളടക്കമുള്ള എല്ലാ തീര്‍ഥങ്ങളെയും രുദ്രതീര്‍ഥത്തിലേക്ക് ആവാഹിക്കും. തന്ത്രിയും ഓതിക്കന്മാരും കൂടി പുണ്യാഹത്തിനുശേഷം ഭഗവാന്റെ പഞ്ചലോഹത്തിടമ്പില്‍ മഞ്ഞള്‍പ്പൊടി അഭിഷേകം. പിന്നീടാണ് വലിയ കുട്ടകത്തില്‍ തയ്യാറാക്കിയ ഇളനീര്‍കൊണ്ടുള്ള അഭിഷേകം. അതിനുശേഷം തന്ത്രി, മേല്‍ശാന്തി, ഓതിക്കന്‍മാര്‍, എന്നിവര്‍ ഒരുമിച്ച് ഭഗവാനോടൊപ്പം രുദ്രതീര്‍ഥത്തില്‍ ഇറങ്ങി സ്‌നാനം ചെയ്യുന്നു. ഇതിനു പിന്നാലെ ഭക്തരും രുദ്രതീര്‍ഥത്തില്‍ ഇറങ്ങി ആറാട്ട് കുളിക്കും.

ഗുരുവായൂരപ്പന് ആറാടാനുള്ള മഞ്ഞള്‍ ഇന്ന് പൊടിക്കും. മഞ്ഞള്‍ പൊടിക്കുന്നതിലും പ്രത്യേകതയുണ്ട്. മേളത്തിന്റെ നാട്ടില്‍ ഒരു മേളപ്രസക്തി. പ്രശസ്തരായ വാദ്യകലാകാരന്മാരുടെ മേളത്തിന്റെ അകമ്പടിയിലാകും മഞ്ഞള്‍ പൊടിക്കുക. പന്തീരടി പൂജ കഴിഞ്ഞാല്‍ ഇത് തുടങ്ങും. പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരമാണിത്. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കും. ആറാട്ടുകടവില്‍ അഭിഷേകം ചെയ്യാന്‍ ഈ മഞ്ഞള്‍ പൊടിയാണ് ഉപയോഗിക്കുക.

ഗുരുവായൂരപ്പന്‍ ഇന്നലെ പള്ളിയുറങ്ങിയത് ശ്രീകോവിലിന് പുറത്തായിരുന്നു. പള്ളിയുറക്കത്തിന് തടസ്സമാകാതിരിക്കാന്‍ ഇന്നലെ രാത്രി ക്ഷേത്രത്തില്‍ നാഴിക മണി അടിച്ചില്ല. ക്ഷീണിതനായ ദേവന് ഉറക്കത്തില്‍ തടസ്സമില്ലാതിരിക്കാന്‍ നേരത്തേതന്നെ നാഴികമണിയില്‍ കയര്‍വരിഞ്ഞുകെട്ടി.

വര്‍ഷത്തില്‍ പള്ളിവേട്ട ദിവസം രാത്രി മാത്രമാണ് ക്ഷേത്രത്തില്‍ നാഴികമണി അടിക്കാതിരിക്കുക. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഗുരുവായൂരപ്പന്‍ ക്ഷേത്രമുഖമണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ വെള്ളിക്കട്ടിലില്‍ വിരിച്ച പട്ടുകിടക്കയിലാണ് പള്ളിയുറങ്ങിയത്. വെള്ളിക്കട്ടിലിന് ചുറ്റും മുളയറയില്‍ ധാന്യങ്ങള്‍ മുളപ്പിച്ചത് നിരത്തിവച്ച് ശയ്യാഗൃഹമൊരുക്കിയിരുന്നു.

ക്ഷേത്രം അടിയന്തരക്കാരായ പത്തുക്കാര്‍ വാരിയര്‍മാര്‍ കാവലാളുകളായി ചുറ്റും കിടന്നു. മുളയറയിലെ കാടിന്റെ തണുത്തകാറ്റിന്റെ ശീല്‍ക്കാരമൊഴിച്ചാല്‍ തികച്ചും നിശ്ശബ്ദതയിലായിരുന്നു ക്ഷേത്രപരിസരം. ഇന്ന് പ്രഭാതത്തില്‍ പശുക്കിടാവിന്റെ കരച്ചില്‍കേട്ടാണ് ഗുരുവായൂരപ്പന്‍ ഉണര്‍ന്നത്. തുടര്‍ന്ന് അഭിഷേകം, മലര്‍ നിവേദ്യം എന്നിവ നടന്നു.

പൂജകള്‍ക്ക് ശേഷമാണ് ഗുരുവായൂരപ്പനെ ശ്രീലകത്തേക്ക് എഴുന്നള്ളിക്കുക. പള്ളിവേട്ടകഴിഞ്ഞ് ക്ഷീണിതനായ ഭഗവാന്‍ ഇന്നു രാവിലെ നേരം വൈകിമാത്രമേ പള്ളിയുണര്‍ന്നുള്ളൂ. അതിനാല്‍ രാവിലെ എട്ടുമണിക്കുശേഷമേ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുവദിച്ചുള്ളൂ.


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ആറാട്ട് കടവിലെത്തുക.