കൽപ്പറ്റ: റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കൽ...
കൽപ്പറ്റ: റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തള്ളി. നിലവിൽ ഇവർ കേസിൽ പ്രതിയല്ലാത്ത സാഹചര്യം കണക്കിലെടുത്താണ് കോടതി നടപടി. എന്നാൽ, ഭാവിയിൽ ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ കൃത്യമായ നോട്ടീസ് നൽകിയ ശേഷം മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്ന് എക്സൈസ് സംഘത്തിന് കോടതി നിർദേശം നൽകി.
വയനാട് വാഴവറ്റയിലുള്ള ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 67 ലിറ്ററോളം അനധികൃത വിദേശമദ്യ ശേഖരം എക്സൈസ് പിടികൂടിയതുമായി ബന്ധപ്പെട്ടാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സ്പോർട്സ് തട്ടിപ്പുകേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് മദ്യം കണ്ടെത്തിയത്. മദ്യം പിടിച്ചെടുത്ത വീട് തന്റെ പേരിലല്ലെന്നും, ബാങ്ക് ജപ്തി നടപടികൾക്ക് ശേഷം ഭാര്യാമാതാവ് ലില്ലി ജോസ് ലേലത്തിൽ പിടിച്ചതാണെന്നും ആന്റോ അഗസ്റ്റിൻ മുൻപ് കോടതിയിൽ വാദിച്ചിരുന്നു.
കേസിന്റെ തുടരന്വേഷണത്തിനായി മൊഴിയെടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ പലതവണ വീട്ടിലെത്തിയെങ്കിലും ലില്ലി ജോസിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അറസ്റ്റ് ഭയന്നാണ് ഇവർ കൽപ്പറ്റ സെഷൻസ് കോടതിയെ സമീപിച്ചത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ ആന്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ഹൈക്കോടതി പതിവ് ജാമ്യം അനുവദിച്ചിരുന്നു.


COMMENTS