ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തകർത്തുപെയ്യുന്ന കനത്ത മഴയിലും കൊടുങ്കാറ്റിലും ജനജീവിതം സ്തംഭിച്ചു. നഗരത്തിലുടനീളം കനത്ത വെള്ളക്കെട്ട് രൂപപ്പെട...
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തകർത്തുപെയ്യുന്ന കനത്ത മഴയിലും കൊടുങ്കാറ്റിലും ജനജീവിതം സ്തംഭിച്ചു. നഗരത്തിലുടനീളം കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയെത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ വളപ്പിലും റൺവേ പ്രവേശക കവാടങ്ങളിലും വെള്ളം കയറിയത് വ്യോമഗതാഗതത്തെ രൂക്ഷമായി ബാധിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിട്ട് മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ ഡൽഹിയിൽ ഇറങ്ങേണ്ടിയിരുന്ന ഒൻപത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ജയ്പുരിലേക്ക് നാലും ലക്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ബാക്കി വിമാനങ്ങളുമാണ് വഴിതിരിച്ചുവിട്ടത്. വിമാനത്താവളത്തിൽ മുട്ടറ്റം വെള്ളം ഉയർന്നതോടെ യാത്രക്കാർ ട്രോളി ബാഗുകളുമായി ബുദ്ധിമുട്ടി നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോശം കാലാവസ്ഥ വിമാന സർവീസുകളുടെ സമയക്രമത്തെ ബാധിക്കാനിടയുള്ളതിനാൽ യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി.
ഡൽഹിക്ക് പുറമെ സമീപ പ്രദേശങ്ങളായ ഉത്തർപ്രദേശിലെ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഈ പ്രദേശങ്ങളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
key words : Flood, Delhi, Red Alert, Indira Gandhi Airport

COMMENTS