ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലെ സംഭാവനത്തട്ടിപ്പ് ആരോപണം ഉന്നയിച്ച് പാർലമെന്റ് വളപ്പിൽ പ്രതിപക്ഷത്തിന്റെ വേറിട്ട പ്രതിഷേധം. ബിഹ...
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലെ സംഭാവനത്തട്ടിപ്പ് ആരോപണം ഉന്നയിച്ച് പാർലമെന്റ് വളപ്പിൽ പ്രതിപക്ഷത്തിന്റെ വേറിട്ട പ്രതിഷേധം. ബിഹാറിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവ് കാവി വസ്ത്രം ധരിച്ച് പൂജാരിയായി വേഷമിട്ടപ്പോൾ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഭക്തരായി അഭിനയിച്ച് ആക്ഷേപഹാസ്യ തെരുവ് നാടകം അവതരിപ്പിച്ചു. പാർലമെന്റിലെ മകരദ്വാറിന് മുന്നിൽ നടന്ന ഈ പ്രതീകാത്മക പ്രതിഷേധം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു 'ഇന്ത്യ' സഖ്യത്തിലെ നേതാക്കളുടെ ഈ നാടകീയ നീക്കം. ക്ഷേത്ര ഭാരവാഹികൾ ഭക്തരുടെ പണം തട്ടിയെടുക്കുന്നു എന്ന് സ്ഥാപിക്കുന്നതായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. കാവി വസ്ത്രവും ധരിച്ച്, കയ്യിൽ ശ്രീരാമന്റെ ചിത്രവുമായി പപ്പു യാദവ് മകരദ്വാറിന് മുന്നിൽ ഇരുന്നു. തൊട്ടുമുന്നിൽ ഒരു കാണിക്കവഞ്ചിയും സ്ഥാപിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എസ്.പി നേതാവ് അവധേഷ് പ്രസാദ് തുടങ്ങിയ പ്രമുഖർ ഭക്തരെപ്പോലെ വന്ന് ഈ വഞ്ചിയിൽ പണം നിക്ഷേപിച്ചു.
എന്നാൽ ഭക്തർ കാണിക്കയിടുന്ന പണം പൂജാരിയായ പപ്പു യാദവ് രഹസ്യമായി തന്റെ പോക്കറ്റിലേക്ക് മാറ്റുന്നതായി അഭിനയിച്ചു. തുടർന്ന് മറ്റൊരു പ്രതിപക്ഷ എംപി ഇതിനെ ചോദ്യം ചെയ്യുമ്പോൾ, 'പൂജാരി' കുറ്റം നിഷേധിക്കുകയും നാടകീയമായി അവിടെനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്യുന്നതോടെയാണ് ആക്ഷേപഹാസ്യ നാടകം അവസാനിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി വദ്ര, സമാജ്‌വാദി പാർട്ടി നേതാക്കളായ അവധേഷ് പ്രസാദ്, ധർമേന്ദ്ര യാദവ്, ജെ.എം.എം നേതാവ് മഹുവ മാജി തുടങ്ങിയ പ്രമുഖരെല്ലാം ഈ പ്രതിഷേധ നാടകത്തിന് സാക്ഷികളാകാൻ എത്തിയിരുന്നു. രാമക്ഷേത്ര തട്ടിപ്പ് ചർച്ച ചെയ്യണമെന്ന ആവശ്യത്തിന് പുറമെ, കഴിഞ്ഞ ദിവസം വിദ്യാർത്ഥി മാർച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സഭാ നടപടികളിൽ നിന്ന് ആഭ്യന്തരമന്ത്രി വിട്ടുനിൽക്കുന്നതിനെ ചോദ്യം ചെയ്ത് "അമിത് ഷാ സഭയിലേക്ക് വരൂ" എന്നെഴുതിയ വലിയ ബാനറുകളും നേതാക്കൾ പാർലമെന്റ് വളപ്പിൽ ഉയർത്തിപ്പിടിച്ചു.
അതേസമയം, പാർലമെന്റ് സമുച്ചയത്തിനുള്ളിൽ തെരുവ് നാടക മാതൃകയിൽ പ്രതിഷേധം സംഘടിപ്പിച്ചതിനെതിരെ ലോക്‌സഭാ സ്പീക്കർ ഓം ബിർള രംഗത്തെത്തി. എംപിമാരുടെ ഇത്തരം പ്രവൃത്തികൾ പാർലമെന്റിന്റെ അന്തസ്സിന് ചേർന്നതല്ലെന്ന് സ്പീക്കർ കുറ്റപ്പെടുത്തി. സഭയ്ക്കുള്ളിലും പാർലമെന്റ് വളപ്പിലും ബാനറുകൾ ഉയർത്തുന്നതും ഇത്തരം പ്രകടനങ്ങൾ നടത്തുന്നതും അനുവദിക്കില്ലെന്നും അദ്ദേഹം കർശന താക്കീത് നൽകി.
Key Words : Pujari, Skit, Pappu Yadhav, Rahul Gandhi

COMMENTS