ന്യൂഡൽഹി: ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ബോളിവുഡ് ചിത്രം ധുരന്ധർ 2 ഇന്ത്യൻ സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും തന്ത്രപ്രധാന വിവരങ്ങൾ ...
ന്യൂഡൽഹി: ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ബോളിവുഡ് ചിത്രം ധുരന്ധർ 2 ഇന്ത്യൻ സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും തന്ത്രപ്രധാന വിവരങ്ങൾ പരസ്യമാക്കിയെന്ന ആരോപണത്തിൽ ഡൽഹി ഹൈക്കോടതി ഇടപെടുന്നു. ചിത്രത്തിലെ രംഗങ്ങൾ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണോ എന്ന് പരിശോധിക്കാൻ കോടതി കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനും സെൻസർ ബോർഡിനും നിർദേശം നൽകി.സശസ്ത്ര സീമാ ബൽ (SSB) ഉദ്യോഗസ്ഥനായ ദീപക് കുമാർ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഇന്ത്യൻ ചാരന്മാരും സുരക്ഷാ സേനയും വിദേശ മണ്ണിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ കൃത്യമായ തന്ത്രങ്ങളും പ്രവർത്തന രീതികളും സിനിമയിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. സിനിമയിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങൾ ശത്രുരാജ്യങ്ങളിലെ ഏജൻസികൾക്ക് ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ മനസ്സിലാക്കാൻ സഹായകരമാകും. ഇത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്നും അണ്ടർകവർ ഏജന്റുമാരുടെ ജീവന് ഭീഷണിയാണെന്നും ഹർജിയിൽ പറയുന്നു.
ചാരസിനിമകൾക്ക് പ്രത്യേക നിയന്ത്രണ മാർഗ്ഗരേഖകൾ കൊണ്ടുവരണമെന്നും ചിത്രത്തിൻ്റെ പ്രദർശനം തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സിനിമ വിനോദത്തിന് വേണ്ടിയുള്ള കൽപ്പിത കഥ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, അത് സമൂഹത്തിലും സുരക്ഷാ മേഖലയിലും ഉണ്ടാക്കുന്ന സ്വാധീനം പൂർണ്ണമായി തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉന്നയിച്ച ആശങ്കകൾ ഗൗരവമുള്ളതാണെന്നും കോടതി വ്യക്തമാക്കി.ഹർജി ഒരു ഔദ്യോഗിക പരാതിയായി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കോടതി നിർദേശം നൽകി. എങ്കിലും സിനിമയുടെ പ്രദർശനം അടിയന്തരമായി തടയാൻ കോടതി തയ്യാറായില്ല.ആദിത്യ ധർ സംവിധാനം ചെയ്ത്, രൺവീർ സിംഗ് പ്രധാന വേഷത്തിലെത്തിയ 'ധുരന്ധർ' പരമ്പരയിലെ രണ്ട് ചിത്രങ്ങളും ആഗോളതലത്തിൽ വലിയ സാമ്പത്തിക വിജയമാണ് നേടിയത്. ചിത്രത്തിന്റെ വൻ വിജയത്തിനിടയിലാണ് ദേശീയ സുരക്ഷയെ മുൻനിർത്തിയുള്ള ഈ പുതിയ നിയമനടപടി.
Key Words : Dhurandhar 2, Military Secrets, Delhi High Court

COMMENTS