കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തിയ ഹർത്താലിലെ അതിക്രമങ്ങള...
കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തിയ ഹർത്താലിലെ അതിക്രമങ്ങളിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ.
ജസ്റ്റിസുമാരായ വസന്ത് ബാലാജി പി., കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്ത കേസുകളെക്കുറിച്ചും നടന്ന അതിക്രമങ്ങളെക്കുറിച്ചും ഇന്ന് വൈകുന്നേരത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിർദ്ദേശം നൽകി.
ഹർത്താലിന് ആഹ്വാനം ചെയ്ത സംഘടനകൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഹർത്താൽ മൂലം പൊതുമുതലിനുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ആഹ്വാനം ചെയ്തവർക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
ജാതി വിവേചനത്തെത്തുടർന്ന് നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 52 ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ഹർത്താൽ നടന്നത്. ഹർത്താലിനിടെ കെ.എസ്.ആർ.ടി.സി ബസുകൾ തടയുന്നതിനും കടകൾ ബലമായി അടപ്പിക്കുന്നതിനും ശ്രമമുണ്ടായത് പലയിടങ്ങളിലും സംഘർഷത്തിന് കാരണമായിരുന്നു.
Key Words : Hartal violation, High Court, Case, DGP

COMMENTS