റോം: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിന് തിരിച്ചടിയായി അടുത്ത സുഹൃത്തായ ഇറ്റലിയുടെ നിർണ്ണായക നീക്കം. ഇസ്രയേലുമായുള്ള എല്ലാ പ്...
റോം: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിന് തിരിച്ചടിയായി അടുത്ത സുഹൃത്തായ ഇറ്റലിയുടെ നിർണ്ണായക നീക്കം. ഇസ്രയേലുമായുള്ള എല്ലാ പ്രതിരോധ സഹകരണ കരാറുകളിൽ നിന്നും ഇറ്റലി ഔദ്യോഗികമായി പിന്മാറി. 2003-ൽ ഒപ്പുവച്ച ഉഭയകക്ഷി പ്രതിരോധ കരാർ പുതുക്കേണ്ടതില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രഖ്യാപിച്ചു.
ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയ്ക്ക് (UNIFIL) നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ നടപടി. സമാധാന സേനയിൽ ഇറ്റാലിയൻ സൈനികരും ഉൾപ്പെട്ടിരുന്നു. ഇതിനുപുറമെ, ഗാസയിലെയും ലെബനനിലെയും സിവിലിയൻ മരണങ്ങളിൽ ഇറ്റലി ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
കരാർ റദ്ദാക്കൽ: സൈനിക പരിശീലനം, സാങ്കേതിക കൈമാറ്റം, ആയുധ ഇടപാടുകൾ എന്നിവ ഉൾപ്പെടുന്ന 20 വർഷം പഴക്കമുള്ള കരാറാണ് ഇറ്റലി അവസാനിപ്പിച്ചത്. 2023 ഒക്ടോബറിന് ശേഷം ഇസ്രയേലിലേക്കുള്ള പുതിയ ആയുധ കയറ്റുമതി ലൈസൻസുകൾ ഇറ്റലി നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. യൂറോപ്പിൽ ഇസ്രയേലിന്റെ ഏറ്റവും വലിയ സഖ്യകക്ഷികളിലൊന്നായിരുന്ന ഇറ്റലിയുടെ ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
അതേസമയം, ഈ നീക്കം തങ്ങളുടെ സുരക്ഷയെ ബാധിക്കില്ലെന്നും നിലവിൽ ഇറ്റലിയുമായി തന്ത്രപ്രധാനമായ സുരക്ഷാ കരാറുകളൊന്നുമില്ലെന്നുമാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. എന്നിരുന്നാലും, യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ഇസ്രയേലിനുണ്ടായിരുന്ന സ്വാധീനത്തിന് ഈ നീക്കം വലിയ മങ്ങലേൽപ്പിച്ചിരിക്കുകയാണ്.
Key Words : Israel, Italy

COMMENTS