തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്നതിനിടെ ആശ്വാസമായി വേനൽമഴ എത്തുന്നു. നാളെ മുതൽ കേരളത്തിൽ വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്നതിനിടെ ആശ്വാസമായി വേനൽമഴ എത്തുന്നു. നാളെ മുതൽ കേരളത്തിൽ വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രധാനമായും മധ്യ-വടക്കൻ കേരളത്തിലെ ജില്ലകളിലാണ് നാളെ മഴ പ്രവചിച്ചിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നാളെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ ലക്ഷദ്വീപിലും ഈ ദിവസം മഴ പെയ്തേക്കാം.
മാർച്ച് 29, 30 ദിവസങ്ങളിലും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ തുടരാനാണ് സാധ്യത. എന്നാൽ ഈ ദിവസങ്ങളിൽ ലക്ഷദ്വീപിൽ മഴയുണ്ടാകില്ലെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
മഴയോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഉച്ചയ്ക്ക് ശേഷം ഇടിമിന്നൽ സാധ്യത കൂടുതലായതിനാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. പെട്ടെന്നുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

COMMENTS