The disaster was amplified when a tree branch collapsed onto the crowd during the rally. Vijay's subsequent departure to Chennai leading to anger
ദീപക് നമ്പ്യാര്‍
ചെന്നൈ : കരൂരില്‍ രോഷം അണപൊട്ടി ഒഴുകുകയാണ്. പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ ഈ ചരിത്രനഗരത്തില്‍ സൂപ്പര്‍ സ്റ്റാറും രാഷ്ട്രീയക്കാരനുമായ വിജയിക്ക് ഒരു വിജയകരമായ പ്രചാരണ പരിപാടിയാകേണ്ടിയിരുന്നത്, ഒരുപിടി പിഴവുകള്‍ കാരണം വന്‍ ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ വാനിലെ ജനല്‍ അടച്ചിട്ടത്, അടുത്തുള്ള നാമക്കല്‍ നഗരത്തില്‍ നിന്ന് നൂറുകണക്കിന് ആരാധകര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നത്, സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ പ്രഖ്യാപനങ്ങള്‍, അസ്വസ്ഥരായ ജനക്കൂട്ടത്തിനിടയിലേക്ക് ഒരു മരച്ചില്ല ഒടിഞ്ഞു വീണത്... ഇവയെല്ലാം ദുരന്തത്തിന് വഴിയൊരുക്കിയെന്നാണ് പുറത്തുവരുന്ന വിവരം.
മരണസംഖ്യ 39-ല്‍ എത്തി നില്‍ക്കുമ്പോള്‍, നഗരം ദുഃഖത്തില്‍ ആണ്ടിരിക്കുന്നു. ദുരന്തത്തിന് ശേഷം തൃച്ചിയില്‍ എത്തുകയും അവിടെനിന്നു സ്വകാര്യ വിമാനത്തില്‍ ചെന്നൈയിലേക്ക് പോവുകയും ചെയ്ത വിജയിക്ക് എന്ത് സംഭവിക്കും എന്നതാണ് വലിയ ചോദ്യം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രാത്രി തന്നെ കരൂരിലെത്തി മരിച്ചവരുടെ കുടുംബങ്ങളെ കാണുകയും 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്ത ശേഷം ഞായറാഴ്ച രാവിലെ ചെന്നൈയിലേക്ക് മടങ്ങി.
10 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടെ മരണ സംഖ്യ 39 ആയി ഉയര്‍ന്നു. 30 ഇരകളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിജയിയുടെ അടുത്ത സഹായികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ദൃക്സാക്ഷികള്‍ എന്നിവരുള്‍പ്പെടെയുള്ള വിവിധ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, വിജയിയുടെ നാമക്കല്‍ റാലി വൈകുന്നേരം 3.30-ന് അവസാനിച്ചതിന് പിന്നാലെ നൂറുകണക്കിന് അനുയായികള്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ പിന്തുടരാന്‍ തുടങ്ങി. പൊതുജനങ്ങളുടെ കണ്ണില്‍പ്പെടാതിരിക്കാനും ബസിനെ പിന്തുടരുന്നത് തടയാനുമായി പ്രചാരണ വാഹനത്തിന്റെ കറുത്ത സ്ലൈഡിംഗ് ജനല്‍ അടച്ചിട്ടിരുന്നുവെന്ന് വിജയിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന ഒരു ഉന്നതന്‍ പറഞ്ഞു. എന്നാല്‍ ഇതിന് വിപരീത ഫലമാണുണ്ടാക്കിയത്. സൂപ്പര്‍താരത്തെ ഒരുനോക്ക് കാണാന്‍ കഴിയാതെ വന്നതോടെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ അദ്ദേഹത്തെ പിന്തുടരാന്‍ തുടങ്ങി.
''കരൂരില്‍ നേരത്തെ തന്നെ അനിയന്ത്രിതമായ ജനക്കൂട്ടമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ വാഹനത്തെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പിന്തുടരരുതെന്ന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. വിജയ് വൈകിട്ട് ഏഴു മണിയോടെയാണ് എത്തിയതെങ്കിലും, ആളുകള്‍ രാവിലെ മുതല്‍ അദ്ദേഹത്തിനായി കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടര്‍ന്ന വലിയ ജനക്കൂട്ടം കൂടി കരൂരിലെ ജനക്കൂട്ടത്തോടൊപ്പം ചേര്‍ന്നപ്പോള്‍, അത് എല്ലാ നിയന്ത്രണങ്ങള്‍ക്കും അപ്പുറമായി. അവിടെ നിയന്ത്രണത്തിന്റെ കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് ഉണ്ടായിരുന്നത്,'' വിജയിയുടെ പ്രചാരണ പരിപാടികളുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തി പറഞ്ഞു.
കരൂരില്‍ വിജയ് പ്രസംഗം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് തിക്കും തിരക്കും ഉണ്ടായത്. ഇതെല്ലാം 10 മിനിറ്റിനുള്ളിലാണ് സംഭവിച്ചത്. ഒരു മരച്ചില്ലയിലിരുന്ന ഡസനിലധികം ആളുകള്‍ ചില്ല ഒടിഞ്ഞു താഴെ ജനക്കൂട്ടത്തിന് മുകളിലേക്ക് വീണത് സ്ഥിതി കൂടുതല്‍ വഷളാക്കി. ''ഇത് ദുരന്തത്തിന് കാരണമായ പ്രധാന ഘടകങ്ങളില്‍ ഒന്നാണ്,'' ദുരന്തത്തിന് തൊട്ടുപിന്നാലെ സ്ഥലം സന്ദര്‍ശിച്ച ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചില വീഡിയോകളില്‍, ആളുകള്‍ സഹായത്തിനായി നിലവിളിക്കുന്നത് കാണാം. ദുരന്തം ഉണ്ടാകുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ്, വിജയിയുടെ ബസ് ദൂരെ നിന്ന് അടുക്കുമ്പോള്‍ ചില കുട്ടികള്‍ മുതിര്‍ന്നവരുടെ, തോളിലിരിക്കുന്നത് കാണാമായിരുന്നു. ജനക്കൂട്ടം വര്‍ധിക്കുകയും ചൂടും തിരക്കും കാരണം ആളുകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്തപ്പോള്‍, വിജയ് തന്റെ പ്രസംഗം നിര്‍ത്തി ജനക്കൂട്ടത്തിന് നേരെ വെള്ളക്കുപ്പികള്‍ എറിയുന്നത് വീഡിയോകളില്‍ കാണാം. ഈ വെള്ളക്കുപ്പികള്‍ പിടിക്കാനും തിരക്കായി. നിലവിളികള്‍ക്കും പരിഭ്രാന്തിക്കുമിടയില്‍, സ്ഥിതിയുടെ ഗൗരവം മനസ്സിലാക്കാന്‍ കഴിയാതെ വിജയ് തന്റെ പ്രസംഗം പുനരാരംഭിക്കുകയായിരുന്നു.
വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ.) 10,000 പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞാണ് കരൂര്‍ പരിപാടിക്ക് അനുമതി തേടിയതെന്നും, അവരുടെ മുന്‍ റാലികള്‍ പരിഗണിച്ച് ഏകദേശം 500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്നും ഡി.ജി.പി. ജി. വെങ്കടരാമന്‍ പറഞ്ഞു. ഉച്ചയ്ക്ക് 3 മണി മുതല്‍ രാത്രി 10 മണി വരെയാണ് അനുമതി തേടിയിരുന്നതെങ്കിലും, ടി.വി.കെ. അംഗങ്ങള്‍ വിജയ് ഉച്ചയ്ക്ക് എത്തുമെന്ന് പ്രഖ്യാപിച്ചതോടെ രാവിലെ 10 മണി മുതല്‍ തന്നെ ജനക്കൂട്ടം കൂടാന്‍ തുടങ്ങി. വിജയ് എത്തിയത് രാത്രി 7.10ന് മാത്രമായിരുന്നു.
''ടി.വി.കെ. ആവശ്യപ്പെട്ട കര്‍ഷക ചന്തയും ലൈറ്റ്ഹൗസ് റൗണ്ട് എബൗട്ടും പരിപാടിക്ക് അനുവജദിച്ചിരുന്നു. വേലുച്ചാമിപുരം മൈതാനത്തെ അപേക്ഷിച്ച് വളരെ വീതി കുറഞ്ഞതായിരുന്നു ഇവിടം,'' ഡി.ജി.പി. പറഞ്ഞു. വിജയ് പ്രസംഗം ആരംഭിച്ചപ്പോള്‍ മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതിന് പോലീസിന് നന്ദി പറയുകയും ചെയ്തിരുന്നു.
ദുരന്തമുണ്ടായപ്പോള്‍ അവിടെ നിന്നു വിജയ് രക്ഷപ്പെട്ടത് ജനങ്ങളെ കൂടുതല്‍ രോഷാകുലരാക്കിയിട്ടുണ്ട്. തിക്കും തിരക്കും ഉണ്ടായ ഉടന്‍ തന്നെ വിജയ് കരൂര്‍ വിട്ടു. ട്രിച്ചിയില്‍ നിന്ന് സ്വകാര്യ വിമാനമാര്‍ഗ്ഗം ചെന്നൈയിലേക്ക് പോയി. അര്‍ദ്ധരാത്രിക്ക് ശേഷം തലസ്ഥാനത്തെ കടല്‍ത്തീരത്തുള്ള വസതിയിലെത്തി. അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയോ കാമറകളെ അഭിമുഖീകരിക്കുകയോ ചെയ്തില്ല. മനഃപൂര്‍വം എല്ലാം ഒഴിവാക്കി. അപ്പോഴേക്കും മരണസംഖ്യയുടെ വ്യാപ്തിയെക്കുറിച്ച് അദ്ദേഹത്തിന് വിവരം ലഭിച്ചിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
കരൂരില്‍ ദുഃഖിതരായ കുടുംബങ്ങളെ സന്ദര്‍ശിച്ച സ്റ്റാലിനോട്, വിജയിയെ അറസ്റ്റ് ചെയ്യുമോ എന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നു. ''രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയ ചോദ്യങ്ങള്‍ക്ക്'' താന്‍ മറുപടി നല്‍കില്ലെന്ന് അദ്ദേഹം പുലര്‍ച്ചെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിക്കും തിരക്കും ഉണ്ടായി ഒരു മണിക്കൂറിനുള്ളില്‍ നിയമിച്ച ഏകാംഗ അന്വേഷണ കമ്മിഷനായ അരുണ ജഗദീശന്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ക്ക് ശേഷമേ നടപടി ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയിയെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ''പരേതയായ ജെ. ജയലളിതയെപ്പോലെ, സ്റ്റാലിന്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നതിന് മുമ്പ് അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് 100 തവണ ആലോചിക്കും. അറസ്റ്റ് അദ്ദേഹത്തിന് അനുകമ്പ നേടിക്കൊടുക്കാന്‍ സഹായിക്കുമെന്ന അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, ഞായറാഴ്ച തിരക്കിട്ട് ഒരു നീക്കം നടത്തുന്നതിന് പകരം, കോടതി സ്വമേധയാ നടപടിയെടുക്കാന്‍ വേണ്ടി തിങ്കളാഴ്ച വരെ കാത്തിരിക്കുന്നത് അറസ്റ്റിലേക്ക് നയിക്കുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു,'' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Summary: The disaster was amplified when a tree branch collapsed onto the crowd during the rally. Vijay's subsequent departure to Chennai leading to immense public anger. Chief Minister Stalin has suggested they should not arrest the actor, to avoid granting him political advantage. The matter is now left for a court decision.




COMMENTS