വല്ലപ്പോഴുമൊരിക്കല്‍ നമുക്കു വീണുകിട്ടുന്ന അപൂര്‍വസുന്ദര ചിത്രങ്ങളുടെ ഗണത്തിലേക്ക് ഒരു ചിത്രം കൂടിയെത്തുന്നു-താക്കോല്‍. മലയാളത്തിന് നി...
വല്ലപ്പോഴുമൊരിക്കല്‍ നമുക്കു വീണുകിട്ടുന്ന അപൂര്‍വസുന്ദര ചിത്രങ്ങളുടെ ഗണത്തിലേക്ക് ഒരു ചിത്രം കൂടിയെത്തുന്നു-താക്കോല്‍. മലയാളത്തിന് നിരവധി വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള മുരളി ഗോപി-ഇന്ദ്രജിത് ടീമിനെ കൂട്ടിയിണക്കി തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ കിരണ്‍ പ്രഭാകരനാണ് താക്കോല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.
വൈകാതെ തീയറ്ററുകളിലെത്തുന്ന ചിത്രം അണിയറ ജോലികളുടെ അവസാന ഘട്ടത്തിലാണ്. മുരളി ഗോപിയേയും ഇന്ദ്രജിത്തിനെയും തീരെ പ്രതീക്ഷിക്കാത്ത രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ വംശീയജീവിതത്തിന്റെ ഭൂമികയിലാണ് കിരണ്‍ പ്രഭാകരന് കഥ പറയുന്നത്. പൗരോഹിത്യത്തിന്റെ മേന്മയും തെളിമയും സത്യസന്ധതയും വരഞ്ഞിടുന്നതുകൂടിയാണ് ചിത്രം. മലയാളം അധികം കണ്ടിട്ടില്ലാത്തൊരു പ്രമേയവും ആഖ്യാനവുമാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. കൈയടക്കോത്തോടെ തന്നെ കിരണ്‍ പ്രഭാകരന് പ്രമേയത്തെ അനുഭവവേദ്യമാക്കുന്നു.
മുരളി ഗോപിയുടെയും ഇന്ദ്രജിത്തിന്റെയും അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരിക്കും താക്കോലിലേതെന്നു പറയാം. രണ്‍ജി പണിക്കര്‍, നെടുമുടി വേണു, സുധീര്‍ കരമന തുടങ്ങിയവരുടെ വേഷങ്ങളും മനസ്സില്‍ ഏറെനാള്‍ തങ്ങിനില്ക്കാന് പോന്നതാണ്. ഇനിയയ്ക്കും അടുത്ത കാലത്തു കിട്ടിയ ഏറ്റവും മികച്ച കഥാപാത്രമാണ് താക്കോലിലെ സാറ.താക്കോലിന്റെ മറ്റൊരു പ്രത്യേകത, ഷാജി കൈലാസിന്റെയും ചിത്രയുടെയും മകന് റൂഷിന് ഷാജി കൈലാസ്. ആദ്യമായി അഭിനയിക്കുന്ന ചിത്രമാണെന്നതാണ്. ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് അവതരിപ്പിക്കുന്നത്. കുഞ്ഞ് ആംബ്രോസിനെ റൂഷിന് കൈയടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനേത്രി കൂടിയായ അമ്മയ്ക്കും സംവിധായകനായ അച്ഛനും അഭിമാനിക്കാന്‍ വക നല്‍കുന്നുണ്ട് റൂഷിന്.
പാട്ടുകളും താക്കോലിന്റെ സവിശേഷതയാണ്. റഫീഖ് അഹമ്മദ്, പ്രഭാവര്‍മ, സതീഷ് ഇടമണ്ണേല്‍ എന്നിവരാണ് താക്കോലിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എം. ജയചന്ദ്രനാണ് ഗാനങ്ങള്‍ക്ക് ഈണവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. വരുംനാളുകളില്‍ ക്രിസ്തീയ ദേവാലയങ്ങളിലെ ഉച്ചഭാഷിണികളില്‍ നിന്ന് താക്കോലിലെ ഗാനങ്ങള്‍ നിരന്തരം ഒഴുകുമെന്ന് ഉറപ്പാണ്. സതീഷ് ഇടമണ്ണേല്‍ രചിച്ച മരീബായിലെ ജലം... എന്ന ഗാനം മാത്രംമതി മരുഭൂമിയിലെ പരീക്ഷാകാലത്തിന്റെ സ്മരണകളിലേക്ക് മനസ്സ് അറിയാതെ പോകുവാന്‍.
എല്ലാ മേഖലകളിലും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധരുടെ സമ്മേളനം കൂടിയാണ് താക്കോല്‍. ചിത്രത്തിന്റെ ശബ്ദവിന്യാസമൊരുക്കുന്നത് ശബ്ദമിശ്രണത്തില്‍ ഇന്ത്യന്‍ സിനിമയിലെ അവസാനവാക്കായ റസൂല്‍ പൂക്കുട്ടിയാണ്. താക്കോല്‍ തന്നെ വിസ്മയിപ്പിക്കുന്നുവെന്നും ഈ ചിത്രത്തിന്റെ ശബ്ദമിശ്രണം വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും പൂക്കുട്ടി പറയുന്നു.
ആല്‍ബിയുടെ കാമറ കഥയുടെ ആത്മാവിനെ ഗോവയുടെയുടെ സൗന്ദര്യത്തിലേക്കു സന്നിവേശിപ്പിച്ചിരിക്കുന്നു. സിയാന് ശ്രീകാന്തിന്റെ എഡിറ്റിംഗ് ചിത്രത്തിന് പുതിയൊരു ഭാവുകത്വം പകരുന്നു. ബോബനും ജിത്തു സെബാസ്റ്റിയനും ചേര്‍ന്ന് കലാസംവിധാനത്തിലൂടെയും ചിത്രത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നു.എല്ലാ അര്‍ത്ഥത്തിലും പ്രതീക്ഷയോടെ കാത്തിരിക്കേണ്ട ചിത്രം തന്നെയായി മാറുന്നുണ്ട് കിരണ്‍ പ്രഭാകരന്റെ താക്കോല്‍.
Keywords: Thakkol Movie, Malayalam Movie, Kiron Prabhakaran, Shaji Kailas, Rasool Pookkutty, Murali Gopi, M Jayachandran, Indrajith, Iniya
COMMENTS