ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പത്താമത്തെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചിട്ടും കേരളത്തില്‍ വടകരയും വയനാടും ലിസ്റ്റിലില്ല. വയനാട് രാഹുല്‍ ഗാന...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പത്താമത്തെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചിട്ടും കേരളത്തില്‍ വടകരയും വയനാടും ലിസ്റ്റിലില്ല. വയനാട് രാഹുല്‍ ഗാന്ധിക്കായി മാറ്റിവച്ചിരിക്കുന്നുവെന്ന് അഭ്യൂഹമുണ്ട്. കെ മുരളീധരന് പ്രചരണത്തില്‍ ഏറെ മുന്നില്‍ പോയ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്തെന്നത് അതിശയമായി തുടരുന്നു.
മുംബയ് നോര്‍ത്ത് വെസ്റ്റില്‍ പി.സി.സി അദ്ധ്യക്ഷന്‍ സഞ്ജയ് നിരുപം മത്സരിക്കും. മുന്‍ കേന്ദ്ര മന്ത്രി മുരളി ദേവ്റയുടെ മകന് മിലിന്ദ് ദേവ്റയെ മുംബയ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ അദ്ധ്യക്ഷനായി നിയോഗിക്കുകയും ചെയ്തു. ശിവസേനയുടെ സിറ്റിങ് സീറ്റാണ് മുംബയ് നോര്‍ത്ത് വെസ്റ്റ്.
പശ്ചിമ ബംഗാളിലെ 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ, ഇവിടെ ഇടതു പക്ഷവുമായുള്ള ഐക്യം ഇല്ലാതായി. സി.പി.എമ്മുമായി സഖ്യമില്ലെന്നും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി കോണ്‍ഗ്രസ് കൈകോര്ക്കാത്തത് മമതാ ബാനര്‍ജിയെ ഭയന്നിട്ടു കൂടിയാണ്. തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കേന്ദ്രത്തില്‍ അധികാരം പിടിക്കണമെന്നുണ്ടെങ്കില്‍ മമതയുടെ സഹായം ആവശ്യമുണ്ട്. സിപിഎമ്മുമായി കോണ്‍ഗ്രസ് കൈകോര്‍ത്താല്‍ മമത പിണങ്ങും. ഇതു മനസ്സിലാക്കിയാണ് അവിടെ സിപിഎമ്മുമായി അകന്നതെന്നാണ് ലഭിക്കുന്ന സൂചന.
ഇതേസമയം, കേരളത്തില്‍ രാഹുല്‍ മത്സരിക്കരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. കേരളത്തിലാകട്ടെ സിപിഎമ്മിനെ പിണക്കേണ്ടെന്നാണ് തീരുമാനം. അതിനാല്‍, മത്സരിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കാന്‍ രാഹുലിനു കഴിയുന്നില്ല.
ബംഗാളില്‍ മമത എന്ന പോലെ കേരളമുള്‍പ്പെടെ, സിപിഎം വിജയിക്കാവുന്നിടങ്ങളില് ഭാവിയില്‍ അവരുടെ പിന്തുണയും കോണ്‍ഗ്രസിന് ആവശ്യമുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് സിപിഎമ്മിനെയും പിണക്കാതെ പോകാന്‍ നോക്കുന്നത്.
ഇതേസമയം, വയനാട്ടില്‍ മത്സരിക്കാന്‍ രാഹുലിനെ ബിജെപി കേരള അദ്ധ്യക്ഷന്‍ ശ്രീധരന് പിള്ള വെല്ലുവിളിക്കുകയും ചെയ്തു.
COMMENTS