മോസ്കോ : ശക്തരായ ഈജിപ്തിനെ തകര്‍ത്ത് റഷ്യ ഈ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിനരികിലെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈജിപ്തിനെ റഷ...
മോസ്കോ : ശക്തരായ ഈജിപ്തിനെ തകര്‍ത്ത് റഷ്യ ഈ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിനരികിലെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈജിപ്തിനെ റഷ്യ മുക്കിയത്.
ഒന്നാം പകുതി ഗോള്‍രഹിതമായിരുന്നു. പകുതിയ്ക്ക് ശേഷം ചെമ്പട എതിരാളിയുടെ ഗോള്‍ മുഖത്തേക്ക് ഇരമ്പിക്കയറുകയായിരുന്നു. 47ാം മിനിറ്റില്‍ ഈജിപ്ഷ്യന്‍ നായകന് ഫാത്തിയുടെ സെല്‍ഫ് ഗോളിലൂടെ റഷ്യയ്ക്കു പ്രതീക്ഷയേറി.
സോബ്നിന്റെ അപകടകരമല്ലാത്ത ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ ഫാത്തിയുടെ മുട്ടില്‍ തട്ടിത്തിരിഞ്ഞ പന്ത് സ്വന്തം ഗോള്‍ വലയിലേക്ക് പാഞ്ഞുകയറുമ്പോള്‍ ഈജിപ്ഷ്യന്‍ ഗോളി കാഴ്ചക്കാരനാകാനായി നിന്നു.
പിന്നീട് ഈജിപ്തിന്റെ ഗോള്‍മുഖത്ത് ചെമ്പട നിരന്തരം ആക്രമണമഴിച്ചുവിട്ടു. 59ാം മിനിറ്റില്‍ ബോക്സിന്റെ വലത് മൂലയില്‍ നിന്ന് ഫെര്‍ണാണ്ടസ് നല്കിയ പാസ് ഡെനിസ് ചെറിഷേവ് ഗോളാക്കി മാറ്റുകയായിരുന്നു. മൂന്ന് മിനിറ്റ് കഴിഞ്ഞ് അര്‍തേം സ്യൂബ റഷ്യയുടെ മൂന്നാം ഗോള്‍ നേടി.
73ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കെടുത്ത ഈജിപ്തിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാ പിഴവ് കൂടാതെ അത് ലക്ഷ്യത്തിലെത്തിച്ചു.
രണ്ടു മത്സരങ്ങളും ജയിച്ച റഷ്യക്ക് ആറു പോയിന്റായി. റഷ്യയോടും ഉറുഗ്വേയോടും പരാജയപ്പെട്ട ഈജിപ്തിന്റെ നില പരുങ്ങലിലായി.
COMMENTS