പത്തനംതിട്ട : ശബരി പോർട്ടലും വാട്സാപ്പ് ചാറ്റ്ബോട്ടും റവന്യു മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശബരിമല തീർത്ഥാടനത്തിന്റെ ഓരോ ഘട്ടവും ഡ...
പത്തനംതിട്ട : ശബരി പോർട്ടലും വാട്സാപ്പ് ചാറ്റ്ബോട്ടും റവന്യു മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശബരിമല തീർത്ഥാടനത്തിന്റെ ഓരോ ഘട്ടവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷിക്കാനും തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കാനും പോർട്ടൽ സഹായിക്കുമെന്ന് മന്ത്രി ചുണ്ടിക്കാട്ടി
തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ തേടി വിവിധ ഓഫീസുകളെയും വകുപ്പുകളെയും സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. അതേസമയം, ശബരിമലയിലെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാനും പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് നേരിട്ട് എത്തിക്കാനും നടപടികളുടെ പുരോഗതി വിലയിരുത്താനും കഴിയുന്ന ഭരണനിർവഹണ സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
തീർത്ഥാടനകാലത്ത് തിരക്കിനിടയിൽ കൂട്ടംതെറ്റിപ്പോകുന്നവരെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ട സാധനങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനും പോർട്ടലിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരാൾ കാണാതായാൽ പോർട്ടലിലൂടെ വിവരം റിപ്പോർട്ട് ചെയ്യാം. ഇത് സ്വയം പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറും. പൊലീസ് സ്വീകരിക്കുന്ന നടപടികളുടെ വിവരം പരാതിക്കാരന് വാട്സാപ്പ് സന്ദേശമായി ലഭിക്കും.
കൂട്ടംതെറ്റിയ കുട്ടികൾ, മുതിർന്നവർ, മറ്റ് തീർത്ഥാടകർ എന്നിവരെ കണ്ടെത്തുന്നതിനുള്ള സഹായവും ഇതിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളെക്കുറിച്ചും കളഞ്ഞുകിട്ടിയ വസ്തുക്കളെക്കുറിച്ചും വിവരം നൽകാം. പരാതികൾക്ക് ഫോട്ടോകൾ കൂടി ചേർക്കാനുള്ള സൗകര്യമുണ്ട്. പരാതി ലഭിക്കുന്നതുമുതൽ തുടർനടപടികൾ വരെയുള്ള വിവരങ്ങൾ ഡിജിറ്റലായി കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് സംവിധാനം. ശബരിമലയിലെ സൗകര്യങ്ങൾ മാപ്പിൽ; യാത്രയും ദർശനവും എളുപ്പമാക്കാം.
sabariportaldcpta.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും പോർട്ടൽ ഉപയോഗിക്കാം. പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതില്ല. വെർച്വൽ ക്യൂ ബുക്കിങ്ങിനുള്ള ലിങ്കും ഇതിൽ ലഭ്യമാണ്.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുടിവെള്ള കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, മെഡിക്കൽ സഹായകേന്ദ്രങ്ങൾ, ആശുപത്രികൾ, പൊലീസ് സേവനങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, എ.ടി.എം കൗണ്ടറുകൾ തുടങ്ങിയവയുടെ സ്ഥാനം ശബരി മാപ്പിലൂടെ കണ്ടെത്താം. മൊബൈലിലെ ലൊക്കേഷൻ ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള സൗകര്യങ്ങൾ തിരിച്ചറിയാനും ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അവിടേക്കുള്ള വഴി കണ്ടെത്താനും കഴിയും.
ദർശനത്തിനുള്ള കാത്തിരിപ്പ് സമയം, ദർശനം പൂർത്തിയാക്കിയ തീർത്ഥാടകരുടെ എണ്ണം, പൂജാസമയങ്ങൾ, ദർശന ഷെഡ്യൂൾ, പമ്പ ത്രിവേണി സ്നാനഘട്ടത്തിലെ ജലനിരപ്പ്, സ്നാനഘട്ടം തുറന്നതോ അടച്ചതോ എന്ന വിവരം തുടങ്ങിയവയും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകൾ, മുന്നറിയിപ്പുകൾ, തീർത്ഥാടകർ പാലിക്കേണ്ട നിർദേശങ്ങൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, ട്രെക്കിങ് പാതകൾ എന്നിവയും ലഭ്യമാകും.
കെ.എസ്.ആർ.ടി.സി സംവിധാനവുമായുള്ള സാങ്കേതിക സംയോജനം പോർട്ടലിന്റെ പ്രധാന സവിശേഷതയാണ്. പമ്പയിൽനിന്ന് വിവിധ കേന്ദ്രങ്ങളിലേക്കുള്ള ദീർഘദൂര ബസ് സർവീസുകൾ, നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകൾ, ശബരിമല സ്പെഷ്യൽ സർവീസുകൾ എന്നിവയുടെ വിവരങ്ങൾ ലഭിക്കും. അടുത്ത അരമണിക്കൂറിലും ഒരു മണിക്കൂറിലും ലഭ്യമായ സർവീസുകൾ പ്രത്യേകം തിരിച്ചറിയാനും ടിക്കറ്റ് ബുക്കിങ്ങിനായി കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലേക്ക് പോകാനും കഴിയും.
ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ സമയവിവരങ്ങളും പോർട്ടലിൽ ലഭ്യമാണ്. കേരളത്തിലെ സർക്കാർ ആശുപത്രികളുടെയും മെഡിക്കൽ കോളജുകളുടെയും ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ വിവരത്തിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് വിളിക്കാം. താമസസൗകര്യങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കടകളിലെ വിലനിയന്ത്രണത്തിനും പോർട്ടലിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവിധ സാധനങ്ങളുടെ ഔദ്യോഗിക വില പല ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ട്. 'ചെക്ക് മൈ ബിൽ' സംവിധാനത്തിലൂടെ വാങ്ങിയ സാധനങ്ങളുടെ വില പരിശോധിക്കാം. അധികവില ഈടാക്കുകയോ ബിൽ നൽകാതിരിക്കുകയോ ചെയ്താൽ കടയുടെ വിവരങ്ങൾ സഹിതം പരാതി നൽകാം.
Key Words : Sabari portal

COMMENTS