കോട്ടയം: റബർ വിപണിയിൽ സമാനതകളില്ലാത്ത മുന്നേറ്റം. ചരിത്രത്തിലാദ്യമായി ആഭ്യന്തര ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4 ഗ്രേഡ് റബറിന്റെ വില കിലോഗ്രാമിന്...
കോട്ടയം: റബർ വിപണിയിൽ സമാനതകളില്ലാത്ത മുന്നേറ്റം. ചരിത്രത്തിലാദ്യമായി ആഭ്യന്തര ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4 ഗ്രേഡ് റബറിന്റെ വില കിലോഗ്രാമിന് 300 രൂപയെന്ന റെക്കോർഡ് നാഴികക്കല്ല് തൊട്ടു. ഈ വർഷം ജനുവരിയിൽ കിലോയ്ക്ക് 192 രൂപയായിരുന്ന സ്ഥാനത്തുനിന്നാണ് ഒമ്പത് മാസങ്ങൾ കൊണ്ട് 108 രൂപയുടെ വൻ കുതിച്ചുചാട്ടം ഉണ്ടായത്. പെൻഡിങ് ഓർഡറുകൾ തീർക്കാനായി വ്യാപാരികൾ ഓപ്പൺ മാർക്കറ്റിൽ നിന്ന് ഉയർന്ന വിലയ്ക്ക് റബർ സംഭരിച്ചതാണ് വില 300-ൽ എത്തിച്ചത്.
അതേസമയം, കോട്ടയം, കൊച്ചി വിപണികളിൽ റബർ ബോർഡിന്റെ ഔദ്യോഗിക വില കിലോയ്ക്ക് 298–299 രൂപ നിരക്കിലാണ്. ആർഎസ്എസ് 5 ഗ്രേഡിന് 298 രൂപയും ലാറ്റക്സിന് 197 രൂപയുമാണ് നിലവിലെ വിപണി നിരക്ക്.
വിപണിയിലെ കടുത്ത റബർ ക്ഷാമമാണ് വില കുതിച്ചുയരാൻ പ്രധാന കാരണം. രാജ്യത്ത് നിലവിൽ 5.22 ലക്ഷം മെട്രിക് ടൺ റബറിന്റെ കുറവുണ്ടെന്നാണ് റബർ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 1.76 ലക്ഷം ഹെക്ടറോളം സ്ഥലത്ത് ടാപ്പിങ് തടസ്സപ്പെട്ടതും, കർഷകർ വ്യാപകമായി ഷീറ്റ് റബറിൽ നിന്ന് ലാറ്റക്സ് ഉൽപ്പാദനത്തിലേക്ക് മാറിയതും ആർഎസ്എസ് 4 ഷീറ്റുകളുടെ ലഭ്യത കുറച്ചു.
തായ്ലൻഡ് ഉൾപ്പെടെയുള്ള പ്രധാന ഉൽപ്പാദക രാജ്യങ്ങളിലെ മോശം കാലാവസ്ഥ കാരണം ആഗോള വിപണിയിലും കടുത്ത ക്ഷാമമുണ്ട്. ഇതിനുപുറമേ പശ്ചിമേഷ്യൻ പ്രതിസന്ധികൾ കാരണം കപ്പൽ ചരക്കുനീക്കം അവതാളത്തിലാവുകയും ഷിപ്പിങ് ചാർജ് വർധിക്കുകയും ചെയ്തത് വിദേശത്തുനിന്നുള്ള ഇറക്കുമതി ചെലവേറിയതാക്കി. ക്രൂഡ് ഓയിൽ വില വർധനവ് കാരണം സിന്തറ്റിക് റബറിന് വില കൂടിയതും സ്വാഭാവിക റബറിലേക്ക് വ്യവസായങ്ങൾ തിരിയാൻ കാരണമായി.
വില 300 രൂപയിലെത്തിയത് കർഷകരുടെ സുസ്ഥിരമായ പരിശ്രമങ്ങളുടെയും വിപണിയിലെ കടുത്ത ആവശ്യകതയുടെയും പ്രതിഫലനമാണെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി വ്യക്തമാക്കി. വരും ദിവസങ്ങളിലും വിപണിയിൽ ഈ മുന്നേറ്റം തുടരുമെന്നാണ് വ്യാപാരികളുടെയും വിദഗ്ദ്ധരുടെയും വിലയിരുത്തൽ.
Key Words : Rubber Price Hike

COMMENTS