ന്യൂഡൽഹി: പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ പേരിൽ ഒരു പ്രദേശവും അനിശ്ചിതകാലത്തേക്ക് കയ്യേറി വെക്കാൻ ആർക്കും അവകാശമില്ലെന്ന് സുപ്രീം കോടതി. സമരങ...
ന്യൂഡൽഹി: പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ പേരിൽ ഒരു പ്രദേശവും അനിശ്ചിതകാലത്തേക്ക് കയ്യേറി വെക്കാൻ ആർക്കും അവകാശമില്ലെന്ന് സുപ്രീം കോടതി. സമരങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളിൽ പോലും കൃത്യമായ സമയപരിധി ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഡൽഹിയിലെ ജന്തർ മന്തറിലും രാംലീല മൈതാനിയിലും നടന്ന വലിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
ഒരു സംഘടനയോ വ്യക്തിയോ ഒരു സമരസ്ഥലം സ്ഥിരമായി കൈവശപ്പെടുത്തിയാൽ അത് മറ്റുള്ളവരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കുകയെന്ന് കോടതി ചൂണ്ടിക്കാട്ടി. കർഷകർക്കും തൊഴിലാളികൾക്കും സാധാരണക്കാർക്കുമെല്ലാം പ്രതിഷേധിക്കാൻ തുല്യ അവകാശമുണ്ട്. അതിനാൽ സമരങ്ങൾക്ക് കൃത്യമായ കാലയളവ് നിശ്ചയിക്കേണ്ടതുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
ഭരണഘടനാപരമായ പ്രതിഷേധിക്കാനുള്ള അവകാശം പോലെ തന്നെ മറ്റുള്ളവർക്ക് തങ്ങളുടെ തൊഴിൽ ചെയ്യാനും ജീവിക്കാനുമുള്ള അവകാശവുമുണ്ട്. നീണ്ടുനിൽക്കുന്ന സമരങ്ങൾ ദിവസവേതനക്കാരുടെ വരുമാനത്തെയും സാധാരണ കച്ചവടക്കാരുടെ ബിസിനസിനെയും ബാധിക്കരുത്. ജന്തർ മന്തറിലെ പ്രതിഷേധത്തിന് ഒരു ദിവസത്തെ അനുമതി മാത്രമാണ് നൽകിയിരുന്നതെന്നും എന്നാൽ പ്രതിഷേധക്കാർ 17 ദിവസത്തോളം അവിടെ തുടരുകയും പാർലമെന്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തുവെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
നേരത്തെ ജന്തർ മന്തറിന് നൽകിയിരുന്ന ഔദ്യോഗിക സമരസ്ഥലം എന്ന പദവി നീക്കിയിട്ടുണ്ടെന്നും, പകരം രാംലീല മൈതാനം ഉൾപ്പെടെ മൂന്ന് ബദൽ സ്ഥലങ്ങളാണ് നിലവിൽ പ്രതിഷേധങ്ങൾക്കായി അനുവദിച്ചിട്ടുള്ളതെന്നും കോടതി നടപടികൾക്കിടെ വ്യക്തമാക്കപ്പെട്ടു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കിക്കൊണ്ട് മാത്രമേ സമരങ്ങൾ സംഘടിപ്പിക്കാവൂ എന്ന് സുപ്രീം കോടതി അടിവരയിട്ടു പറഞ്ഞു.
Key Words : Supreme Court, India Bloc March

COMMENTS