ടെൽ അവീവ്: ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ രൂപംകൊണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് കനത്ത തി...
ടെൽ അവീവ്: ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ രൂപംകൊണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് കനത്ത തിരിച്ചടി. പ്രതിപക്ഷ നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടിനെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് അറബ് പാർട്ടികൾ ഔദ്യോഗികമായി നിർദേശിക്കും. ഇസ്രായേൽ പാർലമെന്റായ നെസ്സെറ്റിലെ പ്രധാന അറബ് പാർട്ടികളായ 'ജോയിന്റ് ലിസ്റ്റ്', 'റാആം' എന്നിവരാണ് ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചത്. നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യം വീണ്ടും അധികാരത്തിൽ വരുന്നത് തടയുകയാണ് ലക്ഷ്യമെന്ന് അറബ് പാർട്ടികൾ വ്യക്തമാക്കി.
120 അംഗ പാർലമെന്റിൽ സർക്കാരുണ്ടാക്കാൻ 61 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകൾ മാത്രമാണ് നേടാനായത്. എന്നാൽ 48 സീറ്റുകളുള്ള പ്രതിപക്ഷ സഖ്യത്തോടൊപ്പം 19 സീറ്റുകളുള്ള അറബ് പാർട്ടികൾ കൂടി ചേർന്നതോടെ ഐസൻകോട്ടിന് പിന്തുണയ്ക്കുന്നവരുടെ എണ്ണം 67 ആയി ഉയർന്നു.
ഇതിനിടെ നെതന്യാഹുവിന്റെ പരമ്പരാഗത സഖ്യകക്ഷിയായ അൾട്രാ-ഓർത്തഡോക്സ് പാർട്ടി 'യുണൈറ്റഡ് തോറ ജൂഡായിസം' (UTJ) അദ്ദേഹത്തിനുള്ള പിന്തുണ പിൻവലിച്ചതും തിരിച്ചടിയായി. ഹരേദി യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഇളവ് നൽകുന്ന നിയമം പാസാക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടതാണ് ഇവരെ ചൊടിപ്പിച്ചത്. പിന്തുണയ്ക്കുന്ന എംപിമാരുടെ എണ്ണത്തിൽ ഐസൻകോട്ട് മുന്നിലെത്തിയതോടെ, സർക്കാർ രൂപീകരിക്കാനുള്ള ആദ്യ അവസരം പ്രസിഡന്റ് ഐസക് ഹെർസോഗ് അദ്ദേഹത്തിന് നൽകാനാണ് സാധ്യത. എന്നാൽ പ്രതിപക്ഷ സഖ്യത്തിലെ ചില വലതുപക്ഷ നേതാക്കൾ അറബ് പാർട്ടികളുടെ പിന്തുണയെ എതിർക്കുന്നത് സുസ്ഥിര സർക്കാർ രൂപീകരണത്തിന് വെല്ലുവിളിയായേക്കാം.
Key Words : Benjamin Netanyahu,Israel, Arab Parties, Eisenkot

COMMENTS