കൊച്ചി: 'വാഴ 2' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ സവിൻ സാ നായകനായി അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രം 'ഗുലാബ്' പ്...
കൊച്ചി: 'വാഴ 2' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ സവിൻ സാ നായകനായി അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രം 'ഗുലാബ്' പ്രഖ്യാപിച്ചു. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും മോഷൻ ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ വെച്ച് നടന്നു.
നവാഗതനായ ലിബീഷ് പെരിക്കാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം കൊച്ചിയുടെ പശ്ചാത്തലത്തിൽ പറയുന്ന തീവ്രമായ ഒരു പ്രണയകഥയാണ്. "Love blossoms, heart bleeds" എന്ന ടാഗ്ലൈനോടെയെത്തുന്ന ചിത്രം തികച്ചും യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് ഒരുക്കുന്നത്.
സംവിധായകൻ നിതിൻ രഞ്ജി പണിക്കർ, യൂട്യൂബ് വെബ് സീരീസുകളിലൂടെ പ്രശസ്തനായ നന്ദഗോപൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ ധർമ്മജൻ ബോൾഗാട്ടി, ബിബിൻ ജോർജ്ജ്, വിനായക്, പൊളി ശരത്, ആൻസി ചാൾസ്, സാമ്പാർ ടീം തുടങ്ങിയ വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നു. ബോളിവുഡിൽ നിന്നുള്ള പ്രമുഖ താരമായിരിക്കും ചിത്രത്തിലെ നായിക.
തെന്നിന്ത്യൻ സിനിമാലോകത്ത് തരംഗമായി മാറിയ സാം സി.എസ് ആണ് ഗുലാബിന് സംഗീതം ഒരുക്കുന്നത്. നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണവും മൻസൂർ മുതൂറ്റി എഡിറ്റിംഗും നിർവ്വഹിക്കുന്നു. എറണാകുളം, ഒറീസ എന്നിവിടങ്ങളിലായി 50 ദിവസത്തെ ഒരൊറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. പി.ആർ.ഒ: പി. ശിവപ്രസാദ്.
Key Words : Vazha 2, Movie


COMMENTS