ന്യൂഡൽഹി: ദുബായിൽ നിന്ന് ഇസ്രായേലിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യൻ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തട്ടിയെടുക്കാൻ ശ്ര...
ന്യൂഡൽഹി: ദുബായിൽ നിന്ന് ഇസ്രായേലിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യൻ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ഛാറിന് നേരെ കോക്ക്പിറ്റിലുണ്ടായ വധശ്രമത്തിലും ഹൈജാക്കിംഗ് നീക്കത്തിലും വലിയ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഒക്ടോബർ 9-ന് എൻഐഎ കേസ് ഏറ്റെടുത്തത്. ആന്റി-ഹൈജാക്കിംഗ് ആക്ട് (2016), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) എന്നിവയിലെ കർശനമായ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കഴിഞ്ഞ സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പുറപ്പെട്ട ഫ്ലൈദുബായ് എഫ്ഇസഡ് 1073 (FZ1073) വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി കോക്ക്പിറ്റിനുള്ളിൽ വെച്ച് പെട്ടെന്ന് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വിമാനം ഇസ്രായേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിൽ ഇടിച്ചുതകർത്ത് വൻ ദുരന്തം സൃഷ്ടിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പിന്നീട് വ്യക്തമായി.
തലയ്ക്കും കൈകൾക്കും മാരകമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ഛാർ അക്രമിയോട് ധീരമായി പോരാടി. ചോരയൊലിക്കുന്ന അവസ്ഥയിലും അദ്ദേഹം കോക്ക്പിറ്റിന്റെ വാതിൽ തുറന്ന് മറ്റ് ക്രൂ അംഗങ്ങളെയും യാത്രക്കാരെയും വിവരമറിയിച്ചു. തുടർന്ന് അകത്തുകയറിയ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് അക്രമിയായ സഹപൈലറ്റിനെ കീഴ്പ്പെടുത്തിയത്. പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് വിമാനം സൗദി അറേബ്യയിലെ തബൂക് വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു.
വിദേശത്ത് നടന്ന സംഭവമാണെങ്കിലും ഇരയായത് ഇന്ത്യൻ പൗരനായതിനാലാണ് ഇന്ത്യൻ ഏജൻസിയായ എൻഐഎ അന്വേഷണത്തിലേക്ക് കടന്നത്. വിമാനം തകർക്കാൻ ശ്രമിച്ച ഭീകരവാദ പശ്ചാത്തലത്തെക്കുറിച്ചും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും എൻഐഎ വിശദമായി അന്വേഷിക്കും. വൻ ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത്തിന്റെ ധീരതയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അഭിനന്ദിച്ചിരുന്നു.
Key Words : NIA , Indian Captain, Smith Machchhar

COMMENTS