ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ നവംബർ ഒന്നിന് നടത്താനിരുന്ന മഹാറാലി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ഡൽഹിയിലെ വ്യാപാരികൾക്ക്...
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ നവംബർ ഒന്നിന് നടത്താനിരുന്ന മഹാറാലി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ഡൽഹിയിലെ വ്യാപാരികൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടണമെന്നും, അങ്ങനെയെങ്കിൽ 30 സെക്കൻഡിനുള്ളിൽ സമരം അവസാനിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ദീപാവലി, ധൻതേരസ് ഉത്സവ സീസണിലെ സമരങ്ങൾ കച്ചവടത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (CTI) നൽകിയ കത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വ്യാപാരികളുടെ ആശങ്കകൾ മനസ്സിലാക്കുന്നുവെന്ന് വ്യക്തമാക്കിയ രാഹുൽ, മെട്രോ സർവീസുകൾ നിർത്തിവച്ചും റോഡുകൾ അടച്ചും നഗരം ലോക്ക്ഡൗണിലാക്കിയത് സർക്കാരാണെന്ന് കുറ്റപ്പെടുത്തി.
"വോട്ട് തന്നെ മോഷ്ടിക്കപ്പെടുമ്പോൾ നിങ്ങളുടെ കടയോ സമ്പാദ്യമോ കുട്ടികളുടെ ഭാവിയോ ഒന്നും സുരക്ഷിതമല്ല. ആരോപണവിധേയനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാൻ നിങ്ങൾ മോദിയോട് പറയൂ, സമരം ഉടൻ തീരും" - രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
അതേസമയം, 'വോട്ടു ചോരി' പ്രതിഷേധവും എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി 'ഇന്ത്യ' മുന്നണി നടത്താനിരുന്ന റാലി വ്യാപാരികളുടെ താല്പര്യം മുൻനിർത്തി മാറ്റിവച്ചേക്കുമെന്നാണ് സൂചന.
Key Words : PM Modi, CEM, Gyanesh Kumar, Protest

COMMENTS