ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് കോൺഗ്രസ് എംപിയും ജവഹർലാൽ നെഹ്റു സർവകലാശാല പ്രൊഫസറുമായ ഡോ. അങ്ഗോംച ബിമോൽ അകോയിജാമിനെ സർവീസിൽ നിന്ന്...
ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് കോൺഗ്രസ് എംപിയും ജവഹർലാൽ നെഹ്റു സർവകലാശാല പ്രൊഫസറുമായ ഡോ. അങ്ഗോംച ബിമോൽ അകോയിജാമിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് കടുത്ത നടപടി സ്വീകരിച്ചത്. അടിയന്തര പ്രാബല്യത്തോടെയാണ് പിരിച്ചുവിടൽ ഉത്തരവ്.
ജെഎൻയുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ 11 വിദ്യാർത്ഥിനികളാണ് പ്രൊഫസർക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ പരാതികൾ ഉന്നയിച്ചത്. ക്ലാസുകളിലും പരീക്ഷാ വേളകളിലും മോശം പരാമർശങ്ങൾ നടത്തുക, ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുക, ലൈംഗിക ആനുകൂല്യങ്ങൾക്ക് പകരമായി കൂടുതൽ മാർക്ക് വാഗ്ദാനം ചെയ്യുക തുടങ്ങിയവയായിരുന്നു പരാതികൾ. ഈ പരാതികളിൽ ആഭ്യന്തര സമിതി വിശദമായ അന്വേഷണം നടത്തുകയും ആരോപണങ്ങളിൽ സത്യമുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. സർവകലാശാലാ ചട്ടങ്ങൾ പ്രകാരമുള്ള ഏറ്റവും കടുത്ത ശിക്ഷയാണ് ഇപ്പോൾ പ്രൊഫസർക്കെതിരെ നടപ്പാക്കിയിരിക്കുന്നത്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഡോ. ബിമോൽ അകോയിജാം പ്രതികരിച്ചു. തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടിയെന്നും ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരിലെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് ലോക്സഭാ എംപിയാണ് ഡോ. ബിമോൽ അകോയിജാം. ജെഎൻയുവിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിലെ പ്രൊഫസറായിരുന്നു അദ്ദേഹം.
Key Words : JNU, Congress MP, Bimol Akoijam


COMMENTS