വാഷിംഗ്ടൺ/കീവ്: റഷ്യയും യുക്രൈനും തമ്മിൽ ഊർജമേഖലയുമായി ബന്ധപ്പെട്ട വെടിനിർത്തൽ ('എനർജി സീസ്ഫയർ') നിലവിൽവന്നതായി യുഎസ് പ്രസിഡന്റ് ഡൊണ...
വാഷിംഗ്ടൺ/കീവ്: റഷ്യയും യുക്രൈനും തമ്മിൽ ഊർജമേഖലയുമായി ബന്ധപ്പെട്ട വെടിനിർത്തൽ ('എനർജി സീസ്ഫയർ') നിലവിൽവന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ, ട്രംപിന്റെ ഈ പ്രഖ്യാപനം തനിക്ക് തികച്ചും പുതിയ വാർത്തയാണെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പ്രതികരിച്ചു.
തന്റെ സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. "ഉടൻ പ്രാബല്യത്തിൽ വരുന്ന വിധം എനർജി സീസ്ഫയർ നിലവിൽ വരുന്നു. ഇരു കക്ഷികളും ഇതിന് സമ്മതിച്ചിട്ടുണ്ട്. ഇത് ആരും ലംഘിക്കരുത്," എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.
എന്നാൽ അന്താരാഷ്ട്ര മാധ്യമമായ 'ആക്സിയോസിനോട്' സംസാരിക്കവെ സെലൻസ്കി ഈ അവകാശവാദം തള്ളി. ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിവൊന്നുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, റഷ്യ ഇതിന് തയ്യാറാണെങ്കിൽ യുക്രൈനും വെടിനിർത്തലിന് സമ്മതിക്കുമെന്ന് കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി ട്രംപ് ഇക്കാര്യത്തിൽ ധാരണയിലെത്തിയതാണെങ്കിൽ, അത് എപ്പോൾ ആരംഭിക്കുമെന്ന് തങ്ങളെ അറിയിക്കണമെന്നും യുക്രൈൻ ഇതിന് സന്നദ്ധമാണെന്നും സെലൻസ്കി പ്രതികരിച്ചു.
അതേസമയം, ട്രംപിന്റെ ഈ അടിയന്തര വെടിനിർത്തൽ പ്രഖ്യാപനത്തോട് റഷ്യൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ചുകാലമായി ഇരുരാജ്യങ്ങളും പരസ്പരം ഊർജകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കടുത്ത ആക്രമണങ്ങൾ നടത്തിവരികയായിരുന്നു. മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യങ്ങൾ മൂലം ആഗോളതലത്തിൽ ഇന്ധനക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെയുള്ള യുക്രൈന്റെ ആക്രമണങ്ങളെ ട്രംപ് നേരത്തെ ശക്തമായി വിമർശിച്ചിരുന്നു. റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാനുള്ള യുഎസിന്റെ പുതിയ കരാറിനെ സെലൻസ്കി രൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ സീസ്ഫയർ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
Key Words : Russia-Ukraine 'Energy Ceasefire', Ukrainian President Zelenskyy, Donald Trump

COMMENTS