ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ചില ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്ന...
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ചില ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി ബാങ്കിന്റെ സ്ഥിരീകരണം. മൊബൈൽ നമ്പറുകൾ, വിലാസങ്ങൾ, വായ്പാ വിവരങ്ങൾ തുടങ്ങിയവയാണ് ചോർന്നത്. ബുധനാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ ഔദ്യോഗിക റിപ്പോർട്ടിൽ, ചില വിവരങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവം ബാങ്കിൽ ഉണ്ടായതായി എസ്ബിഐ അറിയിച്ചു.
ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം, ചോർന്ന വിവരങ്ങളിൽ ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതികൾ, പേരുകൾ, ലിംഗം, ഇമെയിൽ വിലാസങ്ങൾ, താമസവിലാസങ്ങൾ, ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, കസ്റ്റമർ ഇൻഫർമേഷൻ ഫയൽ (സിഐഎഫ്) ഐഡന്റിഫയറുകൾ, ലീഡ് ഐഡികൾ, വായ്പാ-ലീഡ് രേഖകളുമായി ബന്ധപ്പെട്ട മെറ്റാഡാറ്റ, മറ്റ് അനുബന്ധ ഫയലുകൾ എന്നിവ ഉൾപ്പെടുന്നു.
പ്രധാന മേഖലകളിലെ സ്ഥാപനങ്ങൾ നേരിടുന്ന സൈബർ സുരക്ഷാ ഭീഷണികൾ വർധിച്ചുവരുന്നതിനിടെയാണ് ഈ സംഭവം പുറത്തുവന്നത്. സുരക്ഷാ സംവിധാനങ്ങളിലെ പഴുതുകൾ ചൂഷണം ചെയ്യാൻ നിർമിതബുദ്ധി (എഐ) സംവിധാനങ്ങൾക്കുള്ള സാധ്യതയും ആശങ്ക വർധിപ്പിക്കുന്നു.
കഴിഞ്ഞയാഴ്ച കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ), ചില ഇന്ത്യൻ സ്ഥാപനങ്ങളുടെ രഹസ്യവിവരങ്ങളിലേക്ക് എഐ മോഡലുകൾ അനധികൃതമായി പ്രവേശനം നേടിയതായി വെളിപ്പെടുത്തിയിരുന്നു. ബാധിക്കപ്പെട്ട സ്ഥാപനങ്ങളുടെ പേരുകൾ ഏജൻസി പുറത്തുവിട്ടിരുന്നില്ലെങ്കിലും, ലക്ഷ്യമിട്ട സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ധനകാര്യ മേഖലയിലുള്ളവയാണെന്നാണ് സൂചന.
ഒക്ടോബർ 16-ന് തങ്ങളുടെ ത്രെറ്റ് ഇന്റലിജൻസ് സേവനദാതാവ്, ഡിഫൻസ് സൈബർ ഏജൻസി, സിഇആർടി-ഇൻ എന്നിവരിൽ നിന്ന് ഉപഭോക്തൃവിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നിരിക്കാമെന്ന മുന്നറിയിപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിച്ചതായി എസ്ബിഐ അറിയിച്ചു.
സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക പരിശോധനയിൽ ഡാർക്ക് വെബിൽ ലഭ്യമായ ഏകദേശം 3,75,000 രേഖകൾ ബാങ്ക് പരിശോധിച്ചു. ഇതിൽ വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ അടങ്ങിയ 3,897 ഉപഭോക്തൃ രേഖകൾ കണ്ടെത്തിയതായി എസ്ബിഐ വ്യക്തമാക്കി. ബാധിക്കപ്പെട്ട ഉപഭോക്താക്കളെ ബാങ്ക് വിവരം അറിയിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയെങ്കിലും ബാങ്ക് ഉടൻ മറുപടി നൽകിയില്ല.
ചോർന്ന വിവരങ്ങളുടെ ആധികാരികതയും പൂർണതയും ഉറപ്പാക്കുന്നതിനും വിവരങ്ങൾ പുറത്തായതിന്റെ ഉറവിടവും വ്യാപ്തിയും കണ്ടെത്തുന്നതിനും ഉപഭോക്താക്കൾക്കും ബാങ്കിനുമുണ്ടാകാവുന്ന അപകടസാധ്യതകൾ വിലയിരുത്തുന്നതിനും വിശദമായ അന്വേഷണം ആവശ്യമാണെന്ന് എസ്ബിഐ അറിയിച്ചു. വിശദമായ പരിശോധന പുരോഗമിക്കുകയാണെന്നും ആവശ്യമായ തിരുത്തൽ നടപടികളും പ്രതിരോധ സംവിധാനങ്ങളും നടപ്പാക്കിവരികയാണെന്നും ബാങ്ക് വ്യക്തമാക്കി.
സൈബർ ആക്രമണങ്ങളോട് പ്രതികരിക്കാനും അവയുടെ വ്യാപ്തി നിയന്ത്രിക്കാനുമുള്ള നടപടിക്രമങ്ങൾ ഉടൻ സജീവമാക്കിയതായി എസ്ബിഐ അറിയിച്ചു. കൂടാതെ, സംഭവത്തിന്റെ സ്വഭാവവും വ്യാപ്തിയും വിശദമായി പരിശോധിക്കാൻ സിഇആർടി-ഇൻ അംഗീകാരമുള്ള സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെയും നിയോഗിച്ചു. അതേസമയം, ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങൾ, സാമ്പത്തിക പ്രകടനം, പ്രവർത്തന തുടർച്ച എന്നിവയെ സംഭവം കാര്യമായി ബാധിച്ചിട്ടില്ലെന്നും എസ്ബിഐ വ്യക്തമാക്കി.
എസ്ബിഐയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്ന സംഭവം ആദ്യം ശ്രദ്ധയിൽപ്പെട്ടത് സാമൂഹികമാധ്യമമായ എക്സിലെ ഒരു അക്കൗണ്ടിലൂടെയാണ്. ബാങ്കുമായി ബന്ധപ്പെട്ട 3,75,000 എൻട്രികൾ സി എസ് വി ഫോർമാറ്റിലും 2,722 പിഡിഎഫ് രേഖകളായും കൈവശമുണ്ടെന്ന് ഒരു സംഘം അവകാശപ്പെട്ടിരുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമം, 2023 പ്രകാരം, ന്യായമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയാൽ എസ്ബിഐക്ക് പിഴ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരാം. എന്നാൽ നിയമത്തിലെ പ്രധാന വ്യവസ്ഥകളിൽ പലതും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.
കഴിഞ്ഞയാഴ്ച സിഇആർടി-ഇൻ പുറത്തിറക്കിയ മുന്നറിയിപ്പും ഈ വിവരച്ചോർച്ചയുടെ പശ്ചാത്തലത്തിൽ നിർണായകമാണ്. ഇന്റർനെറ്റിൽ ഗവേഷണവും വിലയിരുത്തലുകളും നടത്താൻ നിയോഗിച്ച ചില എഐ ഏജന്റുകൾ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് ഇന്ത്യൻ സ്ഥാപനങ്ങളുടെ പ്രവർത്തന സംവിധാനങ്ങളിലേക്ക് അനധികൃതമായി പ്രവേശിച്ചതായി ഏജൻസി വെളിപ്പെടുത്തിയിരുന്നു. ഇതിലൂടെ രഹസ്യ ബിസിനസ് രേഖകൾ, വ്യക്തിഗത വിവരങ്ങൾ, മറ്റ് സുപ്രധാന വിവരങ്ങൾ എന്നിവയിലേക്ക് പ്രവേശനം നേടിയതായാണ് റിപ്പോർട്ട്.
ഇന്ത്യൻ സ്ഥാപനങ്ങളുടെ സൈബർ അടിസ്ഥാനസൗകര്യങ്ങളിലേക്ക് എഐ ഏജന്റുകൾ നിയന്ത്രണാതീതമായി കടന്നുകയറിയതായി അറിയപ്പെടുന്ന ആദ്യ സംഭവങ്ങളിൽ ചിലതാകാമിതെന്ന് സിഇആർടി-ഇൻ സൂചിപ്പിച്ചു. ശ്രദ്ധേയമായി, ബാധിക്കപ്പെട്ട സ്ഥാപനങ്ങളൊന്നും തന്നെ ഈ അനധികൃത പ്രവേശനം സ്വയം കണ്ടെത്തിയിരുന്നില്ല. എഐ മോഡലുകളുടെ സേവനദാതാക്കൾ ആഭ്യന്തര പരിശോധനയ്ക്കിടെ സംഭവം കണ്ടെത്തി സ്വമേധയാ വെളിപ്പെടുത്തിയതിനെ തുടർന്നാണ് വിവരങ്ങൾ പുറത്തുവന്നത്.
Key Words : SBI, Dark Web

COMMENTS