ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്...
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന ഇറാനിയൻ നയതന്ത്രജ്ഞൻ അബ്ദുൾ മജീദ് ഹക്കീം ഇലാഹി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവും പിതാവുമായ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മൊജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റത്. ആക്രമണത്തിൽ മൊജ്തബ ഖമേനിക്കും ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണെന്നും ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കളയുന്നതാണ് ഇറാന്റെ പുതിയ വിശദീകരണം.
പരമോന്നത നേതാവ് പൂർണ്ണ ആരോഗ്യവാനാണെന്നും സുരക്ഷാ കാരണങ്ങളാലും ശക്തമായ വധഭീഷണിയുള്ളതിനാലുമാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിലോ പരസ്യമായോ പ്രത്യക്ഷപ്പെടാത്തതെന്നും നയതന്ത്രജ്ഞൻ അറിയിച്ചു. കഴിഞ്ഞ ജൂലൈയിൽ നടന്ന പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ അദ്ദേഹം രഹസ്യമായി പങ്കെടുത്തിരുന്നതായും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
തിരശ്ശീലയ്ക്ക് പിന്നിലിരുന്നാണ് അദ്ദേഹം നിലവിൽ രാജ്യത്തെ നയിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി മൊജ്തബ ഖമേനി ഏഴ് മണിക്കൂറിലധികം നീണ്ട നിർണ്ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തിന്റെ സുപ്രധാന തീരുമാനങ്ങളെല്ലാം അദ്ദേഹത്തിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് കൈക്കൊള്ളുന്നത്.
മാത്രമല്ല, കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കിടയിലും ചില രാത്രികളിൽ അദ്ദേഹം സാധാരണ ജനങ്ങൾക്കിടയിലേക്കും രാജ്യത്ത് നടക്കുന്ന ജനകീയ പ്രതിഷേധ പ്രകടനങ്ങളിലേക്കും രഹസ്യമായി ഇറങ്ങാറുണ്ടെന്നും ഇറാൻ നയതന്ത്രജ്ഞൻ വെളിപ്പെടുത്തി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഔദ്യോഗിക പ്രസ്താവനകളിലൂടെ മാത്രമാണ് അദ്ദേഹം ഇപ്പോൾ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നത്.
Key Words : Mojtaba Khamanei

COMMENTS