ന്യൂഡൽഹി: ഓൺലൈൻ ഓർഡർ എത്തിച്ചു നൽകിയപ്പോൾ ലഭിച്ച തുകയിലെ 10 രൂപയുടെ കീറിയ നോട്ട് മാറ്റിച്ചോദിച്ച ഡെലിവറി ജീവനക്കാരന് ക്രൂര മർദനം. മർദനമേറ്റത...
ന്യൂഡൽഹി: ഓൺലൈൻ ഓർഡർ എത്തിച്ചു നൽകിയപ്പോൾ ലഭിച്ച തുകയിലെ 10 രൂപയുടെ കീറിയ നോട്ട് മാറ്റിച്ചോദിച്ച ഡെലിവറി ജീവനക്കാരന് ക്രൂര മർദനം. മർദനമേറ്റതിലുള്ള കടുത്ത മാനസികവിഷമത്തിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന 24-കാരനായ ഡെലിവറി ജീവനക്കാരൻ മരണപ്പെട്ടു. കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ഒക്ടോബർ ആദ്യവാരമാണ് സംഭവം നടന്നത്. ഫ്ലിപ്കാർട്ട് മിനിറ്റ്സ് ഡെലിവറി ജീവനക്കാരനായ സമീർ ഹുസൈൻ ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 4-ന് രാത്രി കല്യാൺപുരിയിലെ ഒരു വീട്ടിൽ ഡെലിവറി നൽകാനെത്തിയതായിരുന്നു സമീർ. സാധനം കൈപ്പറ്റിയ ശേഷം ഉപഭോക്താവ് നൽകിയ പണത്തിൽ 10 രൂപയുടെ ഒരു കീറിയ നോട്ടുണ്ടായിരുന്നു. ഇത് മാറ്റാൻ ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. "വേണമെങ്കിൽ എടുത്താൽ മതി" എന്ന് പറഞ്ഞ് ഉപഭോക്താവും കൂടെയുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് സമീറിനെ അധിക്ഷേപിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
മർദനമേറ്റതിനെത്തുടർന്ന് കടുത്ത മാനസികവിഷമത്തിലായ സമീർ ഒക്ടോബർ 5-ന് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 20-നാണ് സമീർ മരണത്തിന് കീഴടങ്ങിയത്.
തനിക്കുണ്ടായ ക്രൂരമായ അനുഭവവും അപമാനവും വിവരിച്ച് സമീർ അവസാനമായി ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ വീഡിയോയും കുടുംബത്തിന്റെ പരാതിയും അടിസ്ഥാനമാക്കിയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. സമീറിന്റെ മരണത്തിന് പിന്നാലെ ഡൽഹി പോലീസ് പ്രതികളായ രാകേഷ് (30), രാംപാൽ സിങ് (65) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 108 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡൽഹി പോലീസ് അറിയിച്ചു.
Key Words : Arrest, Suicide, Delivery


COMMENTS