തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് നിയന്ത്രണ സമയം വർദ്ധിപ്പിച്ച് കെഎസ്ഇബി. ഇന്ന് വൈകിട്ട് 6.15 മുതൽ രാത്രി 12...
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് നിയന്ത്രണ സമയം വർദ്ധിപ്പിച്ച് കെഎസ്ഇബി. ഇന്ന് വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. ഉയർന്ന അന്തരീക്ഷ താപനിലയും ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതും കാരണം വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലേക്ക് ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
പീക്ക് സമയങ്ങളിൽ പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി എത്തിക്കുന്നതിൽ നേരിടുന്ന തടസ്സങ്ങളും നിയന്ത്രണം ഏർപ്പെടുത്താൻ ബോർഡിനെ നിർബന്ധിതരാക്കുകയായിരുന്നു. ഒരു പ്രദേശത്ത് ഒരു ദിവസം ആകെ 50 മിനിറ്റ് വരെ (25 മിനിറ്റ് വീതമുള്ള രണ്ട് ഘട്ടങ്ങളായി) നിയന്ത്രണം ഉണ്ടായേക്കാനാണ് സാധ്യത.നിങ്ങളുടെ പ്രദേശത്തെ കൃത്യമായ സമയക്രമം അറിയാൻ ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണ്. തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ എസി, വാഷിംഗ് മെഷീൻ, വാട്ടർ ഹീറ്റർ തുടങ്ങിയ ഉയർന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.
key words : Power Cut, KSEB

COMMENTS