ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്കുള്ള ഇനാം തുക പാക്കിസ്ഥാൻ വർധിപ്പിച്ച...
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്കുള്ള ഇനാം തുക പാക്കിസ്ഥാൻ വർധിപ്പിച്ചു. 70 ലക്ഷം പാക്കിസ്ഥാനി രൂപയായി (ഏകദേശം 24.09 ലക്ഷം ഇന്ത്യൻ രൂപ) ആണ് തുക ഉയർത്തിയത്. നേരത്തെ ഇത് 50 ലക്ഷം പാക്കിസ്ഥാനി രൂപയായിരുന്നു. പാക്കിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി പുറത്തുവിട്ട 2026-ലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരുടെ പട്ടികയിലും (റെഡ് ബുക്ക്) മസൂദ് അസ്ഹറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം തടയുന്ന രാജ്യാന്തര ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (FATF) കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണിതെന്നാണ് നയതന്ത്ര മേഖലയിലെ വിലയിരുത്തൽ. ഒക്ടോബർ 26 മുതൽ 30 വരെ പാരീസിൽ എഫ്എടിഎഫിന്റെ പ്ലീനറി യോഗം നടക്കാനിരിക്കെയാണ് പാക്കിസ്ഥാന്റെ ഈ പെട്ടെന്നുള്ള നീക്കം.
മസൂദ് അസ്ഹർ പാക്കിസ്ഥാനിൽ ഇല്ലെന്നും അഫ്ഗാനിസ്ഥാനിലേക്ക് രക്ഷപ്പെട്ടെന്നുമാണ് 2021 മുതൽ ഇസ്ലാമാബാദ് ഭരണകൂടം വാദിക്കുന്നത്. പാക്കിസ്ഥാനിലെ ബഹാവൽപുർ ആസ്ഥാനമായാണ് ജെയ്ഷെ മുഹമ്മദ് പ്രവർത്തിച്ചിരുന്നത്. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വേളയിൽ ബഹാവൽപുരിലെ ഭീകരകേന്ദ്രം തകർക്കപ്പെടുകയും അസ്ഹറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം, 2016-ലെ പത്താൻകോട്ട് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം ഉൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി വലിയ ഭീകരാക്രമണങ്ങളുടെ പ്രധാന സൂത്രധാരനാണ് മസൂദ് അസ്ഹർ.
Key Words : Masood Azhar, Pakistan

COMMENTS