തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർ...
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെ ഉയർന്ന ഗുരുതരമായ അഴിമതി, ഹവാല ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച്. വെങ്കിടേഷ് ആണ് പുതിയ എസ്ഐടിയുടെ തലവൻ. ഐജി ശ്യാം സുന്ദറിനാണ് അന്വേഷണത്തിന്റെ നേരിട്ടുള്ള മേൽനോട്ട ചുമതല.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 3.28 കോടി രൂപ മാസപ്പടിയായി കൈപ്പറ്റിയെന്നും, മുഹമ്മദ് റിയാസ് ദുബായ് കേന്ദ്രീകരിച്ച് 20.5 കോടി രൂപയുടെ അനധികൃത ഹവാല ഇടപാടുകൾ നടത്തിയെന്നുമാണ് ഇഡി റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
അഴിമതി നിരോധന നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തുന്നതിന് നിയമപരമായ തടസ്സമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ജാജു ബാബു സർക്കാരിന് നിയമോപദേശം നൽകിയിരുന്നു.എക്കണോമിക് ഒഫൻസ് വിങ് തലവൻ അജിത ബേഗം ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് എസ്ഐടി വിപുലീകരിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ എന്നിവരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തും.
അതേസമയം, പ്രതിപക്ഷത്തിന്റെ ശക്തമായ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കൊടുവിലാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന സൂചനകളുമുണ്ട്. എന്നാൽ കേസിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം മാത്രം പ്രഖ്യാപിച്ചത് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന ആരോപണവും ഇതിനകം ഉയർന്നു കഴിഞ്ഞു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം.
Key Words : Masappadi Case, Crime Branch, Pinarayi Vijayan, Mohammed Riyas


COMMENTS