വയനാട്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലുള്ള വീട്ടിൽ നിന്ന് അനുവദനീയമായ അളവിലധികം വിദേശമദ്...
വയനാട്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലുള്ള വീട്ടിൽ നിന്ന് അനുവദനീയമായ അളവിലധികം വിദേശമദ്യം പിടികൂടിയ കേസിൽ എക്സൈസ് അന്വേഷണം ഊർജിതമാക്കുന്നു. കേസിൽ നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനായി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലിക്കുട്ടിയുടെ മൊഴിയെടുക്കാനാണ് എക്സൈസ് സംഘത്തിന്റെ തീരുമാനം. ഇതിനായി ഇവർക്ക് ഉടൻ തന്നെ എക്സൈസ് നോട്ടീസ് നൽകും.
ബാങ്ക് ജപ്തി നടപടികൾ നേരിട്ട ഈ വീടും സ്ഥലവും തന്റെ ഭാര്യാമാതാവ് ലില്ലിക്കുട്ടിയാണ് ലേലത്തിൽ പിടിച്ചതെന്നും, നിലവിൽ വീട് അവരുടെ ഉടമസ്ഥതയിലാണെന്നുമാണ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നത്. എന്നാൽ, മുട്ടിൽ ഗ്രാമപഞ്ചായത്തിലെയും വില്ലേജിലെയും ഔദ്യോഗിക രേഖകൾ പരിശോധിച്ച എക്സൈസ് സംഘത്തിന് വീട് ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിൽ തന്നെയാണ് ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിഭാഗത്തിന്റെ വാദങ്ങളിലെ സത്യാവസ്ഥ ബോധ്യപ്പെടാനും വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനും ലില്ലിക്കുട്ടിയെ ചോദ്യം ചെയ്യാൻ എക്സൈസ് തീരുമാനിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ മധ്യത്തോടെയാണ് ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് സംഘം റെയ്ഡ് നടത്തി 67 ലിറ്ററോളം വിദേശമദ്യവും വൈനും കണ്ടെടുത്തത്. തുടർന്ന് അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ഉണ്ടായിരുന്നു. തുടർന്ന് സെപ്റ്റംബർ 22-നാണ് കേരള ഹൈക്കോടതി ആന്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നിലവിൽ എക്സൈസ് വകുപ്പിന്റെ നീക്കം.
Key Words : Reporter TV MD Anto Augustine, Excise

COMMENTS