ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നതോടെ രാജ്യം കടുത്ത സാമ്പത്തിക-ഇന്ധന പ്രതിസന്ധിയിലെന്ന് പാക്കിസ...
ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നതോടെ രാജ്യം കടുത്ത സാമ്പത്തിക-ഇന്ധന പ്രതിസന്ധിയിലെന്ന് പാക്കിസ്ഥാൻ സർക്കാർ. പ്രതിസന്ധി മറികടക്കാൻ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ‘സ്മാർട് ലോക്‌ഡൗൺ’ ഏർപ്പെടുത്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇന്ധന ഉപഭോഗവും സർക്കാർ ചെലവുകളും അടിയന്തരമായി വെട്ടിക്കുറയ്ക്കുകയാണ് ലക്ഷ്യം.പൊതു ഓഫീസുകളുടെ പ്രവർത്തന ആഴ്ച നാലു ദിവസമായി ചുരുക്കാനാണ് പ്രധാന തീരുമാനം.
ഇതോടൊപ്പം ഫെഡറൽ സർക്കാർ ജീവനക്കാരിൽ 50 ശതമാനം പേർക്ക് നിർബന്ധിത ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തും. വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റുകളും നിശ്ചിത സമയത്തിന് മുൻപ് നേരത്തെ അടയ്ക്കാനും യോഗത്തിൽ നിർദ്ദേശമുയർന്നു.കടുത്ത ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരുടെ വിദേശയാത്രകൾക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ യോഗങ്ങൾ ടെലികോൺഫറൻസിങ് വഴി മാത്രമായിരിക്കും നടത്തുക. പുതിയ വാഹനങ്ങൾ, ഫർണിച്ചറുകൾ എന്നിവ വാങ്ങുന്നതിനും ഔദ്യോഗിക വിരുന്നുകൾ നടത്തുന്നതിനും വിലക്കുണ്ട്.
സെമിനാറുകൾ ഉൾപ്പെടെയുള്ള പരിപാടികൾ സ്വകാര്യ ഹോട്ടലുകളിൽ നിന്ന് സർക്കാർ വേദികളിലേക്ക് മാറ്റും. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കാതിരിക്കാൻ വ്യവസായ, കാർഷിക മേഖലകളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
Key Words : Fuel Crisis, Smart Lockdown, Pakistan.

COMMENTS