ഇടുക്കി: ചാർട്ടേഡ് വിമാനയാത്രാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. കനത്ത മഴക്കെടുതി വിലയിരുത്താ...
ഇടുക്കി: ചാർട്ടേഡ് വിമാനയാത്രാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. കനത്ത മഴക്കെടുതി വിലയിരുത്താൻ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് നടത്തിയ വിമാനയാത്രയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് ഇടുക്കിയിൽ വെച്ച് അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
"ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറി നിൽക്കൂ. ഇവരിൽനിന്ന് പരാതി സ്വീകരിക്കട്ടെ" എന്ന് മാധ്യമങ്ങളോട് പറഞ്ഞ മുഖ്യമന്ത്രി, തുടർന്ന് ജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിക്കാനായി നീങ്ങി. മാധ്യമപ്രവർത്തകരെ അവിടെനിന്ന് മാറ്റാൻ അദ്ദേഹം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസിന് നിർദ്ദേശവും നൽകി. ഇടുക്കി കളക്ടറേറ്റിൽ നടന്ന ജില്ലയിലെ അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രയ്ക്കായി സ്വകാര്യ ഏജൻസിയായ ചിപ്സൺ ഏവിയേഷൻ 19.88 ലക്ഷം രൂപ നേരിട്ട് അടച്ചെന്ന രേഖകൾ പുറത്തുവന്നതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. മുൻപ് കേരള സർക്കാരിന് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയിരുന്ന കമ്പനിയാണിത്. വിമാനയാത്രയുടെ പണം സ്വകാര്യ കമ്പനി അടച്ച സംഭവം അഴിമതിയാണെന്നും, മുഖ്യമന്ത്രി രാജിവെച്ച് വിജിലൻസ് അന്വേഷണം നേരിടണമെന്നും എൽ.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്ന് പണമൊന്നും ചെലവഴിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകുന്ന വിശദീകരണം. വരാനിരിക്കുന്ന ബുധനാഴ്ച നടത്തുന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തുമെന്നാണ് സൂചന.
Key Words : VD Satheesan, Flight Controversy

COMMENTS