Five-Year-Old Dies in Karnataka After Swallowing Toy Ball Found Inside Kurkure Packet
മൈസൂരു : കുര്‍കുറെ പാക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച പ്ലാസ്റ്റിക് പന്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വിഴുങ്ങിയ അഞ്ചു വയസ്സുകാരന്‍ മരിച്ചു.
കര്‍ണാടകയിലെ മൈസൂരു ജില്ലയില്‍ ഗൗരീപുര ഗ്രാമത്തിലാണ് സംഭവം. കുര്‍കുറെ പാക്കറ്റില്‍ നിന്ന് ലഭിച്ച പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നു പൊലീസ് പറഞ്ഞു.
സൗജന്യമായി ലഭിച്ച പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ച് കളിക്കുന്നതിനിടെ കുട്ടി അത് വിഴുങ്ങിയെന്നാണ് കരുതുന്നത്. പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, പന്ത് തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ തന്നെ കുട്ടിയെ വൈദ്യസഹായത്തിനായി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാപിതാക്കളുടെ ഏക മകനായിരുന്നു ഈ കുട്ടി. ഗ്രാമത്തിലെ പ്രമുഖ കുടുംബത്തിലെ അംഗവുമാണ്. സംഭവത്തില്‍ കുടുംബം ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇതിനാല്‍ അസ്വാഭാവിക മരണത്തിനോ മറ്റ് ക്രിമിനല്‍ കേസുകളോ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
അധികൃതര്‍ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ഔദ്യോഗികമായി പരാതി ലഭിച്ചാല്‍ മാത്രം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.


COMMENTS