വാരാണസി: പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിഷേധ നാടകത്തിനിടെ സനാതന ധർമ്മത്തെയും ഹിന്ദു സന്യാസിമാരെയും അപമാനിച്ചെന്ന പരാതിയിൽ ലോക്‌സഭാ പ്രതിപക...
വാരാണസി: പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിഷേധ നാടകത്തിനിടെ സനാതന ധർമ്മത്തെയും ഹിന്ദു സന്യാസിമാരെയും അപമാനിച്ചെന്ന പരാതിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ മൂന്ന് എംപിമാർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ബിഹാറിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവ് (രാജേഷ് രഞ്ജൻ), അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി അവദേഷ് പ്രസാദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
വാരാണസിയിലെ കോട്ടവാലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപിച്ച് വെള്ളിയാഴ്ച പാർലമെന്റിലെ മകർ ദ്വാറിന് മുന്നിൽ പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ' നടത്തിയ പ്രതിഷേധമാണ് കേസിനാസ്പദമായ സംഭവം. പ്രതിഷേധത്തിന്റെ ഭാഗമായി എംപിമാർ അവിടെ ഒരു പ്രതീകാത്മക നാടകം അവതരിപ്പിച്ചിരുന്നു. അവിടെ സ്ഥാപിച്ച കാണിക്ക വഞ്ചിയിൽ രാഹുൽ ഗാന്ധി പണം നിക്ഷേപിക്കുന്നതായും, തുടർന്ന് കാവി വസ്ത്രം ധരിച്ചെത്തിയ പപ്പു യാദവ് ഈ പണം മോഷ്ടിച്ച് പോക്കറ്റിലിടുന്നതുമായിരുന്നു നാടകത്തിലെ രംഗം.
രാമക്ഷേത്രത്തെയും സനാതന ധർമ്മത്തെയും ഹിന്ദു പുരോഹിതന്മാരെയും ഈ നാടകത്തിലൂടെ മോശമായി ചിത്രീകരിക്കാനും അപമാനിക്കാനുമാണ് പ്രതിപക്ഷ നേതാക്കൾ ശ്രമിച്ചതെന്ന് കാണിച്ച് പാതാൽപുരി മഠാധിപതി ജഗത്ഗുരു ബാലക് ദാസിന്റെ നേതൃത്വത്തിലുള്ള സന്യാസിമാരും വാരാണസിയിലെ അഭിഭാഷകരും പൊലീസിൽ പരാതി നൽകുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുക, ബോധപൂർവ്വം മതവിശ്വാസങ്ങളെ ആക്ഷേപിക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾ മുൻനിർത്തി ഭാരതീയ ന്യായ സംഹിത പ്രകാരമാണ് കാശി സോൺ പൊലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഗൗരവ് ബൻസ്‌വാൽ അറിയിച്ചു.
Key Words : Complaint, case, Rahul Gandhi, Sanatana Dharma

COMMENTS