ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ അതീവ ഗുരുതരമായ വി...
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ അതീവ ഗുരുതരമായ വിമർശനങ്ങളുമായി സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പിൽ ആവർത്തിച്ചുണ്ടാകുന്ന തെറ്റുകളുടെ പരമ്പരയ്ക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട കോടതി, "ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല" എന്ന് അതീവ ഗൗരവത്തോടെ വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചുകൊണ്ട് ഈ നിരീക്ഷണം നടത്തിയത്.
ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശേഷം പരീക്ഷാ പേപ്പർ സുരക്ഷിതമായി എത്തിക്കാൻ വ്യോമസേനയെ ഉപയോഗിക്കുന്നത് പോലുള്ള താൽക്കാലിക സംവിധാനങ്ങൾ സ്ഥിരമായ പരിഹാരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷാ രംഗത്ത് പൂർണ്ണമായ ഒരു വ്യവസ്ഥാപിത ഘടന കൊണ്ടുവരുന്നത് വരെ കോടതി ഈ കാര്യങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. പരീക്ഷാ നടപടികൾ പൂർണ്ണമായും സുതാര്യമാക്കുന്നതിനായി കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരീക്ഷകൾ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള പദ്ധതികൾ വിശദീകരിക്കാനും, ഓൺലൈൻ രീതിയിലേക്ക് മാറുമ്പോൾ ഉണ്ടാകാനിടയുള്ള സൈബർ സുരക്ഷാ ഭീണികളും ഡാറ്റാ ചോർച്ചകളും എങ്ങനെ തടയുമെന്ന് വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു. ഡാറ്റാ സുരക്ഷിതത്വമാണ് സിസ്റ്റത്തേക്കാൾ പ്രധാനമെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു. പരീക്ഷാ പരിഷ്‌കരണങ്ങൾക്കായി നിയോഗിച്ച രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണം.
അതേസമയം, വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ അതീവ ജാഗ്രതയോടെയാണ് ഇടപെടുന്നതെന്നും, കാര്യങ്ങൾ പത്തുപടി മുന്നോട്ട് പോയി ചെയ്യുകയാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിഷയത്തിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് (ജൂലൈ 27) മാറ്റി. പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനായി പബ്ലിക് എക്സാമിനേഷൻ ആക്ടിൽ കൂടുതൽ കർശനമായ നിയമഭേദഗതികൾ വരുത്താനും ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനും കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായാണ് വിവരം.
Key Words : Supreme Court, NEET Exam

COMMENTS