വാഷിങ്‌ടൺ: തനിക്കെതിരെ വധശ്രമമുണ്ടായാൽ ഇറാനെ പൂർണ്ണമായി തുടച്ചുനീക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ വ...
വാഷിങ്‌ടൺ: തനിക്കെതിരെ വധശ്രമമുണ്ടായാൽ ഇറാനെ പൂർണ്ണമായി തുടച്ചുനീക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചനകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് ഇറാന് ഭീഷണി മുഴക്കിയത്.
"ഓർഡർ ഇട്ടുകഴിഞ്ഞു, എന്നെ തൊട്ടാൽ കുരുതി നടക്കും. ഇറാനെ തച്ചുതകർക്കും. 1000 മിസൈലുകൾ ഇതിനകം ലോഡ് ചെയ്തു കഴിഞ്ഞു. വേറെ ആയിരക്കണക്കിന് മിസൈലുകൾ ഇതിന് പിന്നാലെയുണ്ടാകും. യുഎസ് മിലിട്ടറി പൂർണ്ണ സജ്ജമാണ്," - ട്രംപ് വ്യക്തമാക്കി.
ഇറാനെ നശിപ്പിക്കാൻ യുഎസ് സൈന്യത്തിന് ഒരു വർഷത്തെ കാലാവധി അനുവദിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇത് നീട്ടിനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ പുതിയ വധശ്രമ പദ്ധതികൾ ആവിഷ്കരിക്കുന്നു എന്ന അതീവ ഗൗരവമുള്ള രഹസ്യവിവരങ്ങൾ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമാണ് അമേരിക്കയ്ക്ക് കൈമാറിയത്.
അടുത്തിടെ അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങിൽ, ട്രംപിനെ വധിക്കാനുള്ള ആഹ്വാനങ്ങളുമായി പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കിയിരുന്നു.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മിസൈലുകൾ വിന്യസിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റിന്റെ പുതിയ പ്രകോപനപരമായ പ്രസ്താവന പുറത്തുവരുന്നത്. ട്രംപിന്റെ ഭീഷണിയോടെ മിഡിൽ ഈസ്റ്റിൽ വീണ്ടുമൊരു യുദ്ധഭീതി നിഴലിക്കുകയാണ്.
Key Words : Donald Trump, Missile, Iran

COMMENTS