ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. കോൺഗ്രസ് അധ്യ...
ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകുന്നേരം നാലു മണിയോടെയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കേരളത്തിലേക്ക് അയക്കേണ്ട രണ്ട് നിരീക്ഷകരെ ഈ യോഗത്തിൽ തീരുമാനിക്കും.
എ ഐ സി സി നിശ്ചയിക്കുന്ന ഈ നിരീക്ഷകർ കേരളത്തിലെത്തി എം എൽ എമാരെ നേരിട്ട് കണ്ട് അവരുടെ പിന്തുണ ആർക്കാണെന്ന് പരിശോധിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പേരുകളാണ് നിലവിൽ സജീവമായി ഉയരുന്നത്. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ ആർക്കാണെന്നത് ഹൈക്കമാൻഡ് ഗൗരവമായി പരിശോധിക്കും.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി ഹൈക്കമാൻഡ് പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും കേരളത്തിന്റെ ചുമതലയുള്ള നേതാവുമായ ദീപാ ദാസ് മുൻഷിയുടെ നേതൃത്വത്തിലുള്ള സംഘം എം.എൽ.എമാരുമായി ചർച്ച നടത്തും. ഓരോ എം.എൽ.എയെയും നേരിട്ട് കണ്ട് അഭിപ്രായം തേടാനാണ് ഹൈക്കമാൻഡ് നീക്കം. ഇതിനുപുറമെ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളുമായും സംഘം കൂടിക്കാഴ്ച നടത്തും. ചർച്ചകൾക്ക് ശേഷം ചേരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ടുകൊണ്ട് ഒറ്റവരി പ്രമേയം പാസാക്കും.
മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. കോൺഗ്രസ് എടുക്കുന്ന തീരുമാനത്തെ പിന്തുണയ്ക്കാനാണ് ലീഗിന്റെ നീക്കം.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായാൽ ഈ വാരം തന്നെ രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നേക്കും. പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ച് 102 സീറ്റുകളുടെ വൻ ഭൂരിപക്ഷവുമായാണ് യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. വികസനവും ഭരണമാറ്റവും ചർച്ചയായ തിരഞ്ഞെടുപ്പിൽ ജനങ്ങൾ യു.ഡി.എഫിനെ കൈവിടാതെ കൂടെനിന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഗവർണർക്ക് രാജിക്കത്ത് നൽകിയിരുന്നു.
Key Words : VD Satheesan, KC Venugopal, Ramesh Chennithala

COMMENTS