ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ്‌ക്കെതിരെ ചെന്നൈയിൽ വീണ്ടും പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണ...
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ്‌ക്കെതിരെ ചെന്നൈയിൽ വീണ്ടും പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈ ടി. നഗറിൽ നടത്തിയ റോഡ് ഷോയിൽ അനുവദനീയമായ നിബന്ധനകൾ ലംഘിച്ചതിനാണ് നടപടി.
തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈ മാമ്പലം പൊലീസാണ് കേസെടുത്തത്. നിശ്ചയിച്ച റൂട്ടിൽ മാറ്റം വരുത്തിയതിനും പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിനുമാണ് പ്രധാനമായും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 223 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ.
വിജയ്‌യെ കൂടാതെ പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് (ബുസ്സി ആനന്ദ്), ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സമാനമായ രീതിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നേരത്തെ കൊളത്തൂരിലും പെരവള്ളൂരിലും വിജയ്‌ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനമുറപ്പിക്കാൻ തമിഴ്‌നാട്ടിലുടനീളം പര്യടനം നടത്തിവരികയാണ് താരം.
Key Words : Rules Violation, Road show, Case, Actor Vijay

COMMENTS