Sreenanda: Prayers Fail; Body Found 1,500 Feet Deep
ചൊവ്വാഴ്ച വൈകിട്ട് 5:30-ഓടെയാണ് സംഭവം. കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമഗളൂരുവില്‍ എത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം ഫോട്ടോ എടുത്ത ശേഷം സംഘം വാഹനത്തിനടുത്തേക്ക് മടങ്ങുന്നതിനിടെ ശ്രീനന്ദ മറ്റൊരു വഴിയിലേക്ക് മാറിപ്പോകുകയായിരുന്നു.
ഏകദേശം 15 മിനിറ്റിന് ശേഷം കുട്ടി കൂടെയില്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് പരിഭ്രാന്തി പടര്‍ന്നത്. ഉടന്‍ തന്നെ നാട്ടുകാരും പോലീസും തിരച്ചില്‍ ആരംഭിച്ചെങ്കിലും രാത്രിയായതോടെ വെളിച്ചക്കുറവ് തടസ്സമായി. കര്‍ണാടക പോലീസിനൊപ്പം വനംവകുപ്പും ദുരന്തനിവാരണ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. പശ്ചിമഘട്ടത്തിലെ കഠിനമായ ഭൂപ്രകൃതിയും കനത്ത മഞ്ഞും തിരച്ചിലിന് വലിയ വെല്ലുവിളിയായിരുന്നു.അവസാന രണ്ടു ദിവസങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ തെര്‍മല്‍ ഡ്രോണുകളും ഡോഗ് സ്‌ക്വാഡും ഉപയോഗിച്ചിരുന്നു. ഡ്രോണ്‍ പരിശോധനയിലാണ് ചെങ്കുത്തായ താഴ്വാരത്തില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെത്തിക്കാനുള്ള നടപടികള്‍ അധികൃതര്‍ പൂര്‍ത്തിയാക്കി വരികയാണ്.
തിരച്ചില്‍ വൈകുന്നുവെന്ന് ആരോപിച്ച് ശ്രീനന്ദയുടെ പിതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കുട്ടി വഴിതെറ്റി വനത്തിലേക്ക് പോയതാകാം അല്ലെങ്കില്‍ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം എന്നതടക്കമുള്ള സംശയങ്ങള്‍ കുടുംബം പങ്കുവച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാന്‍ പോയ പെണ്‍കുട്ടിയുടെ വേര്‍പാട് നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.



COMMENTS