വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിൻ്റെ വിദേശനയങ്ങളെ പിന്തുണച്ചില്ലെങ്കിൽ വത്തിക്കാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയെന്ന വ...
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിൻ്റെ വിദേശനയങ്ങളെ പിന്തുണച്ചില്ലെങ്കിൽ വത്തിക്കാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയെന്ന വാർത്തകൾ വൈറ്റ് ഹൗസും പെന്റഗണും തള്ളി. വത്തിക്കാൻ പ്രതിനിധിയുമായി നടത്തിയ ചർച്ചകളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും അതിശയോക്തി കലർന്നതുമാണെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി.
അമേരിക്കക്കാരൻ കൂടിയായ ലിയോ പതിനാലാമൻ മാർപാപ്പ ട്രംപ് ഭരണകൂടത്തിൻ്റെ ഇറാൻ നയങ്ങളെയും സൈനിക നീക്കങ്ങളെയും പരസ്യമായി വിമർശിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ജനുവരി 22-ന് പെൻ്റഗണിൽ വെച്ച് യുഎസ് ഉദ്യോഗസ്ഥരും വത്തിക്കാൻ അംബാസഡർ കർദിനാൾ ക്രിസ്റ്റഫ് പിയറിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്കിടെ വത്തിക്കാൻ്റെ പരമാധികാരത്തിന്മേൽ കടന്നുകയറുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായെന്നാണ് 'ദ ഫ്രീ പ്രസ്' റിപ്പോർട്ട് ചെയ്തത്. സഭാ നേതൃത്വം അമേരിക്കയുടെ സൈനിക നിലപാടുകളെ പിന്തുണച്ചില്ലെങ്കിൽ വത്തിക്കാൻ്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായാണ് പറയപ്പെടുന്നത്. 14-ാം നൂറ്റാണ്ടിൽ മാർപാപ്പമാർ റോമിന് പുറത്ത് ഫ്രാൻസിലെ അവിഗ്നനിൽ താമസിച്ച് ഭരണം നടത്തിയിരുന്ന 'അവിഗ്നൻ പാപ്പസി' കാലഘട്ടത്തെക്കുറിച്ച് ചർച്ചയിൽ പരാമർശമുണ്ടായി. ഇത് വത്തിക്കാൻ്റെ സ്വതന്ത്ര അധികാരം ഇല്ലാതാക്കുമെന്ന പരോക്ഷ ഭീഷണിയായാണ് വത്തിക്കാൻ വൃത്തങ്ങൾ വിലയിരുത്തിയത്.
എന്നാൽ, ഈ ആരോപണങ്ങളെല്ലാം വൈറ്റ് ഹൗസ് വക്താക്കൾ നിഷേധിച്ചു. വത്തിക്കാൻ പ്രതിനിധിയുമായി നടന്നത് തികച്ചും ഔദ്യോഗികവും ബഹുമാനപൂർവവുമായ ചർച്ചയായിരുന്നുവെന്നും, തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും പെൻ്റഗൺ വക്താക്കൾ അറിയിച്ചു. ലോകസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. ഈ നയതന്ത്ര തർക്കത്തെത്തുടർന്ന് മാർപാപ്പയുടെ അമേരിക്കൻ സന്ദർശനം വത്തിക്കാൻ റദ്ദാക്കിയിതായി റിപ്പോർട്ട് വന്നിരുന്നു. നിലവിൽ വത്തിക്കാൻ ഔദ്യോഗികമായി ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.
Key Words : Diplomatic war, US , Vatican

COMMENTS