കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജപ്തി ഭീഷണിയിലായിരുന്ന മുതിർന്ന മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിന്റെ വാ...
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജപ്തി ഭീഷണിയിലായിരുന്ന മുതിർന്ന മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിന്റെ വായ്പാ കുടിശ്ശിക പാർട്ടി നേതൃത്വം ഇടപെട്ട് തീർപ്പാക്കി. മുനീറിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ നിർമ്മിച്ച കോഴിക്കോട് നടക്കാവിലെ 'ക്രെസെൻ്റ് ഹൗസ്' എന്ന വീടിന് മേലുള്ള ബാധ്യതയാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തത്.
കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ഏകദേശം 58 ലക്ഷം രൂപയുടെ കുടിശ്ശിക, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം (OTS) 48.75 ലക്ഷം രൂപയാക്കി കുറച്ചിരുന്നു. ഈ തുകയാണ് മുസ്ലിം ലീഗിന്റെ അക്കൗണ്ടിൽ നിന്നും ബാങ്കിൽ അടച്ചുതീർത്തത്. മുനീറുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഫോണിൽ സംസാരിച്ചതിന് പിന്നാലെയായിരുന്നു നിർണ്ണായക നീക്കം.
30 വർഷത്തിലധികം നീണ്ട പാർലമെന്ററി രാഷ്ട്രീയ ജീവിതത്തിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്ന എം.കെ. മുനീറിന് ഭീമമായ കടബാധ്യതകളും ജപ്തി നോട്ടീസും മാത്രമാണ് അവശേഷിക്കുന്നതെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സി.എച്ചിന്റെ സ്മരണകളുറങ്ങുന്ന വീട് ജപ്തി നടപടികളിലേക്ക് നീങ്ങുന്നത് പാർട്ടിക്കും മുനീറിനും വലിയ പ്രയാസമുണ്ടാക്കിയ സാഹചര്യത്തിലാണ് ലീഗ് നേതൃത്വം ഇടപെട്ടത്.
Key Words : Muslim League, MK Muneer, Bank Foreclosure

COMMENTS