ന്യൂഡൽഹി: രാജ്യത്തെ പോലീസ് ലോക്കപ്പുകളും ജയിലുകളും വീണ്ടും 'കൊലയറകളാകുന്നു' എന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2026 ജനുവരി 1 മുതൽ ...
ന്യൂഡൽഹി: രാജ്യത്തെ പോലീസ് ലോക്കപ്പുകളും ജയിലുകളും വീണ്ടും 'കൊലയറകളാകുന്നു' എന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2026 ജനുവരി 1 മുതൽ മാർച്ച് 15 വരെയുള്ള വെറും രണ്ടര മാസത്തിനുള്ളിൽ ഇന്ത്യയിൽ 170 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 140 മരണങ്ങളായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പാർലമെന്റിൽ ഈ കണക്കുകൾ അവതരിപ്പിച്ചത്. മനുഷ്യാവകാശ ലംഘനങ്ങളുടെ തീവ്രത വ്യക്തമാക്കുന്നതാണ് റിപ്പോർട്ടിലെ ഓരോ വിവരവും.
സംസ്ഥാനങ്ങളിലെ കണക്കുകളിങ്ങനെ
പട്ടികയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ബിഹാറിലാണ് (19 മരണം). രാജസ്ഥാൻ (18), ഉത്തർപ്രദേശ് (15) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നാലെ. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ 14 വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിലും ഇക്കാലയളവിൽ 3 കസ്റ്റഡി മരണങ്ങൾ നടന്നതായി കേന്ദ്രം വ്യക്തമാക്കി.
ആശങ്ക ഉയർത്തുന്ന വർദ്ധനവ്
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കസ്റ്റഡി മരണങ്ങളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 2021-22ൽ 176 ആയിരുന്ന മരണസംഖ്യ 2023-24ൽ 157 ആയി കുറഞ്ഞിരുന്നു. എന്നാൽ 2026-ന്റെ തുടക്കത്തിൽ തന്നെ മരണസംഖ്യ കുത്തനെ ഉയരുന്നത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സംസ്ഥാന പോലീസ് വിഭാഗങ്ങളുടെയും പക്കലുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ റിപ്പോർട്ട് തയ്യാറാക്കിയത്. സുപ്രീം കോടതിയുടെ കർശന നിർദ്ദേശങ്ങൾ നിലനിൽക്കെയും കസ്റ്റഡി മരണങ്ങൾ വർദ്ധിക്കുന്നത് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിതുറന്നേക്കാം.
Key Words: Custodial deaths, India, Jail, Kerala, Police

COMMENTS