തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അവഹേളിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക...
തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അവഹേളിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക് കേരള പൊലീസിന്റെ നോട്ടീസ്. കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബി.ജെ.പിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി. ഈ പോസ്റ്റ് സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും നോട്ടീസിൽ പറയുന്നു. പോസ്റ്റ് നീക്കം ചെയ്തില്ലെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
എന്നാൽ പൊലീസിന്റെ നോട്ടീസിനെ പരിഹസിച്ചുകൊണ്ടാണ് മഹുവ മൊയ്ത്ര പ്രതികരിച്ചത്. തന്റെ പോസ്റ്റ് എങ്ങനെയാണ് സാമുദായിക ഐക്യം തകർക്കുന്നതെന്ന് നോട്ടീസിലെ വരികൾ പങ്കുവെച്ചുകൊണ്ട് അവർ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണറെ 'വാനിഷ് കുമാർ' എന്ന് വിശേഷിപ്പിച്ച മഹുവ, കമ്മീഷണറുടെ നെറ്റിയിൽ ബി.ജെ.പി ചിഹ്നം പതിച്ച ചിത്രം പങ്കുവെച്ചത് ഇതിലും വലിയ ഐക്യമുണ്ടാക്കുന്നതാണോ എന്നും പരിഹസിച്ചു.
സമാനമായ പോസ്റ്റിട്ട ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകൻ പീയുഷ് റായിക്കും കേരള പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതുവരെ ഇതേ വിഷയത്തിൽ 270 എക്സ് (ട്വിറ്റർ) അക്കൗണ്ടുകൾക്കും, ഇരുന്നൂറോളം ഫേസ്ബുക്ക് പേജുകൾക്കും തൊണ്ണൂറോളം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും പൊലീസ് നോട്ടീസ് നൽകിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് പൊലീസ് നടപടിയെടുക്കുന്നത്. സംഭവത്തിൽ കമ്മീഷൻ വ്യക്തത വരുത്തിയിട്ടും വ്യാജ പ്രചാരണങ്ങൾ തുടരുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.
Key Words : BJP Seal Controversy, Kerala Police, Notice, Mahua Moitra , Election Commission

COMMENTS