ന്യൂഡൽഹി: കൊൽക്കത്തയിലെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക് ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധന തടസ്സപ്പെടുത്തി...
ന്യൂഡൽഹി: കൊൽക്കത്തയിലെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക് ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധന തടസ്സപ്പെടുത്തിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ പശ്ചിമ ബംഗാൾ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ തുടർനടപടികൾ കോടതി സ്റ്റേ ചെയ്തു.
കേസ് കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ പി.കെ. മിശ്ര, വിപുൽ എം. പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. റെയ്ഡ് നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും കൃത്യമായി സംരക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
രാഷ്ട്രീയ പ്രവർത്തനങ്ങളുടെ മറവിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സ്വതന്ത്രമായ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് ഗൗരവകരമായ വിഷയമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. "രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കാനും ഓരോ ഭരണഘടനാ സ്ഥാപനത്തിനും സ്വതന്ത്രമായി പ്രവർത്തിക്കാനുമുള്ള സാഹചര്യം ഉണ്ടാകണം. അന്വേഷണ ഏജൻസികൾ നിയമപരമായി പ്രവർത്തിക്കുമ്പോൾ, രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ അവരെ തടസ്സപ്പെടുത്തുന്നത് ശരിയല്ല," എന്ന് കോടതി വ്യക്തമാക്കി.
കൽക്കട്ട ഹൈക്കോടതിയിൽ ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷങ്ങളിൽ സുപ്രീം കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി. കോടതി മുറികളിലെ ഇത്തരം സംഭവങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
Key Words : Supreme Court, Mamata Banerjee, ED Raid, I-PAC Offices


COMMENTS