പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയില്‍, അരി ബ്രാൻ്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ സല്‍...
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയില്‍, അരി ബ്രാൻ്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ സല്‍മാനുമെതിരെ നോട്ടീസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നടൻ ദുല്‍ഖർ സല്‍മാനോടും റൈസ് ബ്രാൻഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബർ മൂന്നിന് കമ്മീഷൻ മുൻപാകെ ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്.
പത്തനംതിട്ട സ്വദേശിയായ പിഎൻ ജയരാജൻ സമർപ്പിച്ച പരാതിയിലാണ് നോട്ടീസ്. പത്തനംതിട്ടയില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്ന പരാതിക്കാരൻ വിവാഹ ചടങ്ങിന് ബിരിയാണി വെക്കാൻ ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ അരിച്ചാക്കില്‍ പാക്ക് ചെയ്‌ത ഡേറ്റും എക്‌സ്‌പൈറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് ആരോപണം.
ഈ അരി വെച്ച് ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്നാണ് ആരോപണം. അരി വിറ്റ മലബാർ ബിരിയാണി ആൻ്റ് സ്പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിൻ്റെ മാനേജർക്കെതിരെയും പരാതിയില്‍ ആരോപണമുണ്ട്. ബ്രാൻഡ് അംബാസഡറായ ദുല്‍ഖർ സല്‍മാനെ മുഖ്യപ്രതിയാക്കിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ദുല്‍ഖർ സല്‍മാൻ്റെ പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് താൻ ഈ അരി വാങ്ങിയതെന്നാണ് പരാതിക്കാരൻ പറയുന്നത്.
തൻ്റെ ബിസിനസിൻ്റെ സത്കീർത്തി കളങ്കപ്പെട്ടതിന് ഇവരാണ് കാരണക്കാരെന്ന് പരാതിക്കാരൻ ആരോപിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഡിസംബർ 3 ന് മൂന്ന് പേരോടും ഹാജരാകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അരിക്ക് ചെലവായ 10250 രൂപയ്ക്ക് പുറമെ അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
Key Words: Complaint, Food Poisoning, Rose Brand Biryani Rice; Notice, Dulquer Salmaan


COMMENTS