തിരുവനന്തപുരം : ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം നടന്നെന്ന വിവാദത്തിൽ മന്ത്രിയെ വെട്ടിലാക്കിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ദേവസ്വം ബോർഡ്. അഷ്ടമ...
തിരുവനന്തപുരം : ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം നടന്നെന്ന വിവാദത്തിൽ മന്ത്രിയെ വെട്ടിലാക്കിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ദേവസ്വം ബോർഡ്. അഷ്ടമിരോഹിണി വള്ളസദ്യയിൽ നടന്ന ആചാര ലംഘനത്തെ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത് ലഭിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരിക്കുന്നത്.
അഷ്ടമിരോഹിണി വള്ളസദ്യയിലെ ആചാരലംഘനം ഉദ്യോഗസ്ഥരാണ് രേഖാമൂലം ചൂണ്ടിക്കാട്ടിയതെന്നും അതുകൊണ്ടാണ് പ്രായശ്ചിത്തം നിർദ്ദേശിച്ചതെന്നും ക്ഷേത്രം തന്ത്രി വ്യക്തമാക്കി.
അതേസമയം, ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന മുൻ നിലപാട് തിരുത്തിയ പള്ളിയോട സേവാ സംഘം സംഭവത്തിൽ ഗൂഢാലോചന ആരോപിച്ചു. അഷ്ടമിരോഹിണി ദിവസം ആറന്മുള ക്ഷേത്രത്തിൽ ദേവന് നേദിക്കും മുൻപ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പി എന്നതാണ് വിവാദം.
ആചാരലംഘനം നടന്നെന്നും പ്രായശ്ചിത്തം ചെയ്യണമെന്നും ക്ഷേത്ര തന്ത്രി നിർദ്ദേശിച്ചതോടെ വിവാദം ആളിക്കത്തി. സെപ്റ്റംബർ 14ന് നടന്ന അഷ്ടമിരോഹിണി വള്ളസദ്യ ചടങ്ങിലെ പിഴവുകൾ രേഖാമൂലം പിന്നീട് അറിയിച്ചത് ആറന്മുളയിലെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തന്നെയെന്ന് തന്ത്രി തുറന്നു പറഞ്ഞു. തനിക്ക് ലഭിച്ച രണ്ടു കത്തുകൾക്ക് പ്രായശ്ചിത്തം നിർദേശിച്ച് മറുപടി നൽകി.
കഴിഞ്ഞ അഷ്‌ടമി രോഹിണി ദേവൻ സ്വീകരിച്ചിട്ടില്ല, അതിനാൽ പരിഹാരക്രിയകൾ ചെയ്യണം എന്ന് കത്തിൽ തന്ത്രി കർശനമായി നിർദേശിച്ചു. 11 പറ അരിയുടെ സദ്യ വയ്ക്കണം. തിടപ്പള്ളിയിൽ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും പാകംചെയ്യണം. സദ്യ ദേവന് സമർപ്പിച്ച ശേഷം എല്ലാവർക്കും വിളമ്പണം. ഇത്തരം ഒരു അബദ്ധം പറ്റില്ലെന്ന് സത്യം ചെയ്യണം എന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് അയച്ച കത്തിൽ പറഞ്ഞു.
തന്ത്രിയുടെ തുറന്നു പറച്ചിലോടെ ആചാരലംഘന വാർത്തയിൽ മാധ്യമങ്ങളെ പഴിച്ച് രംഗത്ത് ഇറങ്ങിയ സി പി എമ്മും വെട്ടിലായി. ദേവസ്വം മന്ത്രിയെ ആചാരലംഘന വിവാദത്തിലേക്ക് വലിച്ചിട്ടത് ദേവസ്വം ഉദ്യോഗസ്ഥർ തന്നെ എന്ന് വ്യക്തമായതോടെ ബോർഡ് പ്രസിഡൻറ് വിശദീകരണം തേടി.
ആറന്മുള അസിസ്റ്റന്റ് കമ്മീഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർ മറുപടി നൽകണം. വള്ളസദ്യ നടത്തിപ്പിന്റെ ഉത്തരവാദിത്വം എല്ലാം പള്ളിയോട സേവാ സംഘത്തിന് ആണെന്നും പി എസ് പ്രശാന്ത് പറയുന്നു.
ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ പല്ലിയോട സേവാ സംഘം നേരത്തെ രംഗത്തെത്തിയിരുന്നു. വള്ളസദ്യയെ ദേവസ്വം ബോർഡ് വാണിജ്യവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും ദേവസ്വം ബോർഡിന്റെ ഇടപെടൽ ആചാരലംഘനം ആണെന്നും പള്ളിയോടസേവാ സംഘം ആരോപിച്ചിരുന്നു. ഞായറാഴ്ചകളിൽ വള്ളസദ്യ നടത്തുന്നതിനെതിരെ പള്ളിയോടസേവാ സംഘം ദേവസ്വംബോർഡിന് കത്ത് നൽകി. വള്ളസദ്യയുടെ പവിത്രതയും ആചാരപരമായ പ്രാധാന്യവും നിലനിർത്തുന്നതിൽ ദേവസ്വം ബോർഡ് വീഴ്ച വരുത്തുന്നുവെന്നും പള്ളിയോടസേവാ സംഘം കുറ്റപ്പെടുത്തി.
Key Words: Violation of Rituals, Aranmula Vallasadya, Devaswom Board


COMMENTS